ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ നാങ്കുതൊട്ടിയിൽ വീണ്ടും അജ്ഞാത ജീവി ആക്രമണം

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ നാങ്കു തൊട്ടി മേഖലയിൽ വളർത്താടുകൾക്കു നേരെയുള്ള അജ്ഞാത ജീവി ആക്രമണം തുടരുന്നു'. കഴിഞ്ഞ രാത്രിയും ആടിനെ കൊന്നു. നാങ്കുതൊട്ടി പുളിമൂട്ടിൽ ബോബിയുടെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചത്. വയറു കടിച്ചു കീറിയ നിലയിൽ ഇന്നു രാവിലെയാണ് ആടിനെ കൂട്ടിൽ കണ്ടെത്തിയത്. മറ്റൊരാടിൻ്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.രാത്രി പന്ത്രണ്ടരയ്ക്കു ശേഷമാണ് സംഭവമെന്ന് കരുതുന്നതായി വീട്ടുടമ പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാൽപ്പാടുകൾ നായയുടേതാണെന്ന് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി സന്തോഷ് പറഞ്ഞു.കഴിഞ്ഞ മാസവും ഇരട്ടയാർ നാങ്കുതൊട്ടി പ്രദേശത്ത് അജ്ഞാത ജീവി ആടിനെ കൊന്നിരുന്നു. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ ഈ പ്രദേശത്ത് 6 ആടുകളാണ് ഇത്തരത്തിൽ ചത്തത്.
സംഭവത്തെ തുടർന്ന് ഇവിടെ ഫോറസ്റ്റ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ നായ്ക്കളുടെ ദൃശ്യമാണ് പതിഞ്ഞത് . ഇപ്പോഴുണ്ടായ സംഭവത്തിലും പ്രദേശത്തു കണ്ടെത്തിയ കാൽപ്പാട് നായയുടേതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ വന്യ ജീവി ആശങ്കയ്ക്ക് താല്ക്കാലിക ആശ്വാസമായെങ്കിലും വളർത്തുമൃഗങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണം കർഷകരെ ഭീതിയിലാക്കുന്നുണ്ട്.വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ ഷാജി ,വാർഡുമെമ്പർ ജോസുകുട്ടി അരീപ്പറമ്പിൽ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.