കുമളി മുൻ പഞ്ചായത്ത് അംഗത്തിന് മർദനമേറ്റ സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു

കുമളി മുൻ പഞ്ചായത്ത് അംഗത്തിന് മർദനമേറ്റ സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മർദനമേറ്റ് അവശനിലയിലായ മുൻ പഞ്ചായത്തംഗം അമരാവതി സ്വദേശി സിബിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുൻപ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് മർദ്ദനമേറ്റ മുൻ പഞ്ചായത്തംഗം സിബി. ബുധനാഴ്ച രാവിലെ അമരാവതിയിലെ പള്ളിയില്‍ പ്രാർഥന കഴിഞ്ഞ് മടങ്ങിവരും വഴിയാണ് മൂന്നാം മൈല്‍ സ്വദേശി സാബു മർദിച്ചതെന്ന് മർദനമേറ്റ സിബി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
സിബിയുടെ മകളുടെ പഠനത്തിന് കോളജ് പ്രവേശനത്തിനായി സാബുവുമായി സാമ്പത്തിക ഇടപാട് നടന്നിരുന്നതായും ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ നിലനിന്നിരുന്ന തർക്കമാണ് മർദനത്തിനിടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. ഗുരുതരാവസ്ഥയിലായ സിബിയെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.