കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പിതാവിന്റെ മരണത്തിൽ മകൻ പൊലീസ് കസ്റ്റഡിയിൽ

കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മകൻ ആശുപത്രിയിലെത്തിച്ച ആളുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കോഴിക്കോട് ഏകരൂൽ സ്വദേശി ദേവദാസിന്റെ മരണത്തിൽ മകൻ അക്ഷയ് ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കട്ടിലിൽ നിന്നും വീണു പരിക്കേറ്റു എന്നായിരുന്നു മകൻ ആശുപത്രിയിലെത്തിച്ചപ്പോൾ പറഞ്ഞത്. എന്നാൽ ദേഹത്ത് മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് മർദ്ദന വിവരങ്ങൾ പുറത്തറിയുന്നത്. മകന്റെ മർദ്ദനത്തെ തുടർന്നാണ് ദേവദാസ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.