ജില്ലയിൽ കൊടുംവേനലിൽ നാശം സംഭവിച്ച കൃഷിയിടങ്ങൾ യുഡിഎഫ് ജില്ലാസമിതിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

ജില്ലയിൽ കൊടുംവേനലിൽ നാശം സംഭവിച്ച കൃഷിയിടങ്ങൾ യുഡിഎഫ് ജില്ലാസമിതിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വരൾച്ച ബാധിത പ്രദേശമായി ജില്ലയെ പ്രഖ്യാപിക്കുന്നതിനൊപ്പം കർഷകർക്കായി പ്രത്യേക പാക്കേജും ധനസഹായവും സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.ഇടുക്കി ജില്ലയുടെ സാമ്പത്തിക ഉറവിടമായ കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഇക്കൊല്ലത്തെ വേനൽ സമ്മാനിച്ചത്. ഏലവും കുരുമുളകും അടക്കം വേനൽ ചൂടിൽ പൂർണ്ണമായി നശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ കൃഷിയിടങ്ങളിൽ യുഡിഎഫ് ജില്ലാസമിതിയുടെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശനം നടത്തിയത്.
ജില്ലയിൽ ഉണ്ടായിരിക്കുന്ന കൃഷി നാശത്തിനെതിരെ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ഇതോടെ കർഷകർ വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. നാശം സംഭവിച്ച കൃഷിയിടങ്ങളിൽ കർഷകർക്ക് ഇനി പുനർ കൃഷി മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്. ലോണെടുത്ത കർഷകരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് . ജില്ലയെ വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും, കർഷകർക്കായി പ്രത്യേക പാക്കേജ് ഉണ്ടാവുകയും വേണം, വായ്പയെടുത്ത് കൃഷിയിറക്കിയവർക്ക് മോറട്ടോറിയം അനുവദിക്കുകയും, പലിശ എഴുതിത്തള്ളുകയും ചെയ്യണമെന്നും യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഇത്രയും നാശങ്ങൾ സംഭവിക്കുമ്പോൾ റവന്യൂ വകുപ്പും, കൃഷി വകുപ്പും കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്, കൃഷിനാശം സംഭവിച്ചതുമായി ബന്ധപ്പെട്ട കൃഷിവകുപ്പിന്റെ കണക്കുകൾ തെറ്റായിട്ടുള്ളതാണ്. കർഷകർക്ക് പുനർ കൃഷി ചെയ്യാൻ സർക്കാർ ധനസഹായം നൽകണമെന്നും യുഡിഎഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ് പറഞ്ഞു.ഇടുക്കി ജില്ലയുടെ സാമ്പത്തിക നിലയെ നിയന്ത്രിക്കുന്ന കർഷകരുടെ ഈ പ്രതിസന്ധിക്ക് മേൽ അടിയന്തരമായി ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇടപെടണമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ ആവശ്യപ്പെട്ടു.
കൃഷിക്കാർക്ക് നേരെ കുതിര കയറുന്ന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും കർഷകരുടെ ഈ ദുരവസ്ഥ കാണാൻ തയ്യാറാകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കാഞ്ചിയാറിൽ വെങ്ങാലൂർ കടയിലുള്ള മൂക്കിലിക്കാട്ട് വർക്കിയുടെ, നാശനഷ്ടമുണ്ടായ കൃഷിയിടമാണ് നേതാക്കൾ സന്ദർശിച്ചത്. യുഡിഎഫ് നേതാക്കളായ കെ എ കുര്യൻ, ജോർജ് ജോസഫ് പടവൻ, ഓ ആർ ശശി തുടങ്ങി നിരവധി നേതാക്കളും കൃഷിയിടം സന്ദർശിക്കാൻ എത്തിയിരുന്നു.