കേരള സർക്കാർ വിമുക്തി ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലി നടത്തി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും

എക്സൈസ് വകുപ്പിന്റെയും, തേക്കടി സൈക്കിളിങ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ എക്സൈസ് കുമളി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സതീഷ് ദാമോദർ, വ്യാപാരിയായ എബിൻ ജോസ്, കുമളി ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകനായ രാജേഷ് എന്നിവരാണ് സൈക്കിളിൽ ലഹരി വിരുദ്ധ സന്ദേശയാത്രയുമായി കേരളം മൊത്തം ചുറ്റിയത്, ഏപ്രിൽ 28ന് തേക്കടിയിൽ നിന്നും ആരംഭിച്ച യാത്ര മെയ് മൂന്നിന് കാസർഗോഡ് സമാപിച്ചു. "ആരോഗ്യമാണ് ആവശ്യം -അതിന് കായികം നല്ല ഒരു ലഹരി -അങ്ങനെ ജീവിതം ആസ്വദിക്കൂ ആവോളം " എന്ന സന്ദേശം പ്രചരിപ്പിച്ച് ബസ്റ്റാൻഡ് മൈതാനം ,ഓട്ടോ സ്റ്റാൻഡ് ചെറുപ്പക്കാർ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്ററുകൾ പതിച്ചും, സന്ദേശം കൈമാറിയും പൊതുജനസമക്ഷം ക്ലാസുകൾ എടുത്തുമാണ് യാത്ര മുന്നേറിയത്.
യാത്രയുടെ നല്ല ഉദ്ദേശം മനസ്സിലാക്കി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ യാത്രയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു. ഏപ്രിൽ 28ന് ആരംഭിച്ച യാത്ര ആറു ദിവസങ്ങൾ കൊണ്ട് 797.7 കിലോമീറ്റർ സഞ്ചരിച്ചാണ് കാസർഗോഡ് എത്തിയത്. തേക്കടിയിൽ നിന്നും ആരംഭിച്ച യാത്ര പീരുമേട് ,മുണ്ടക്കയം എരുമേലി, റാന്നി, പത്തനംതിട്ട ,കോന്നി ,പത്തനാപുരം ,കൊട്ടാരക്കര ,കിളിമാനൂർ, തിരുവനന്തപുരം, വർക്കല ,കൊല്ലം ,ആലപ്പുഴ ചേർത്തല ,എറണാകുളം ,ഗുരുവായൂർ ,പൊന്നാനി ,താനൂർ, കോഴിക്കോട്, വടകര, മുഴുപ്പിലങ്ങാട് ,എടക്കാട് കണ്ണൂർ, വഴിയാണ് കാസർഗോഡ് എത്തിയത്. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ഒന്നിക്കാം എന്ന സന്ദേശമാണ് ഈ സുഹൃത്തുക്കൾ ജനങ്ങളിൽ എത്തിച്ചത് . തേക്കടിയിൽ നിന്നും മൂന്നാർ , കന്യാകുമാരി , ധനുഷ്കോടി എന്നിവിടങ്ങളിലേക്ക് നടത്തിയ സൈക്കിൾ യാത്രയുടെ പരിചയത്തിലാണ് യാത്രതിരിച്ചത്. കേരളം മുഴുവൻ സന്ദേശയാത്ര നടത്തിയതിന്റെ ആവേശത്തിൽ അടുത്തവർഷം ഇന്ത്യ മുഴുവൻ ലഹരി സന്ദേശ യാത്ര നടത്താനാണ് ഇവരുടെ തീരുമാനം.