അവസാന ലാപ്പില്‍ തോട്ടം മേഖലയില്‍ തെരഞ്ഞെടുപ്പാവേശം നിറക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയെ എത്തിച്ച് എന്‍ ഡി എ മുന്നണി
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തോട്ടം മേഖലയില്‍ മുന്‍ കേന്ദ്രമന്ത്രിയെ എത്തിച്ച് തെരെഞ്ഞെടുപ്പാവേശം വാനോളമുയര്‍ത്തുകയാണ് എന്‍ ഡി എ മുന്നണി. പോയ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ മൂന്നാര്‍ ഉള്‍പ്പെടെയുള്ള തോട്ടം മേഖലയില്‍ നിന്നും കൂടുതല്‍ വോട്ടു നേടാമെന്ന പ്രതീക്ഷ എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കും മുന്നണിക്കുമുണ്ട്. ഈ പ്രതീക്ഷ മുന്‍ നിര്‍ത്തി തുടക്കം മുതല്‍ തോട്ടം മേഖലയില്‍ എന്‍ ഡി എയുടെ പ്രവര്‍ത്തകര്‍ പ്രചാരണം സജീവമാക്കിയിരുന്നു.
ഇതിന് കൂടുതല്‍ ആവേശം പകര്‍ന്നാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മൂന്നാറില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെത്തിയതും വോട്ടഭ്യര്‍ത്ഥിച്ചതും.മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ആദിവാസി മേഖലയിലും തോട്ടം മേഖലയിലും കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഇടപെടല്‍ നടത്തുമെന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മൂന്നാര്‍ ടൗണില്‍ ഓട്ടോ ടാക്‌സി തൊഴിലാളികളോടും ടൗണിലെത്തിയ മറ്റാളുകളോടുമൊക്കെ മുന്‍ കേന്ദ്രമന്ത്രി വോട്ടഭ്യര്‍ത്ഥിച്ചു.സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലുമിന്ന് ബി ജെ പിയുടെ കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു. മൂന്നാറിന് പുറമെ നെടുങ്കണ്ടത്തും പൊന്‍ രാധാകൃഷ്ണന്‍ ഇന്ന് പ്രചാരണത്തിനെത്തി.തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തില്‍ നിന്നും ഇത്തവണ ജനവിധി തേടിയിട്ടുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ് പൊന്‍ രാധാകൃഷ്ണന്‍.