അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പ്രസിഡൻ്റ് ചോദ്യം ചോദിച്ചു; ജീവനക്കാരി ബോധം കെട്ടു വീണു
ഇന്ന് ഉച്ചയോടെയാണ് സംഭവം. അയ്യപ്പൻകോവിൽ പഞ്ചായത്ത് മാർക്കറ്റിലെ കടമുറികൾ ലേലം ചെയ്തതിനെതിരെ കഴിഞ്ഞ വർഷം ലേലം പിടിച്ചയാൾ കോടതിയെ സമീപിച്ചിരുന്നു. കോടതി പഞ്ചായത്തിൻ്റെ വിശദീകരണം തേടി മെയിൽ അയച്ചു. ഈ മെയിൽ പഞ്ചായത്ത് പ്രസിഡൻ്റ് അറിഞ്ഞിരുന്നില്ല. കോടതി, ലേലം റദ്ദ് ചെയ്ത സ്വകാര്യ വ്യക്തിക്കനുകൂലമായി വിധിക്കുകയു ചെയ്തു. ഇതേ തുടർന്നാണ് പ്രസിഡൻ്റ് സെക്ഷൻ ക്ലർക്കിനെ ഹെഡ് ക്ലാർക്കിൻ്റെ സാന്നിദ്ധ്യത്തിൽ വിളിച്ച് വരുത്തി ചോദിച്ചത്. മെയിൽ വിഭാഗം കൈകാര്യം ചെയ്യാത്ത തന്നോട് ഇത് ചോദിക്കരുതെന്ന് പറഞ്ഞപ്പോൾ പ്രസിഡൻ്റ് ക്ഷുഭിതയായി. ഇതോടെ ക്ലാർക്ക് തലചുറ്റി വീഴുകയായിരുന്നു.
ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡൻ്റ് ക്ലാർക്കിനെ ആലടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മെയിലിൻ്റെ കാര്യങ്ങൾ തിരക്കാനാണ് ജീവനക്കാരിയെ ക്യാബിനിൽ വിളിച്ച് വരുത്തിയതെന്ന് പ്രസിഡൻ്റ് പറഞ്ഞു. ക്ലാർക്ക് ഇത് ഫോണിൽ റിക്കോർഡ് ചെയ്തപ്പോൾ ദേഷ്യപ്പെട്ടു. തിരിച്ചും ജീവനക്കാരി ദേഷ്യപ്പെടുകയും തുടർന്ന് ബോധം കെട്ടതായി അഭിനയിക്കുകയായിരുന്നുവെന്നും പ്രസിഡൻ്റ് പറഞ്ഞു. ആശുപത്രിയിലെ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പഞ്ചായത്തു ഭരണസമിതിയെ മുഖവിലക്കെടുക്കാതിരിക്കുകയും ജോലി ചെയ്യാതിരിക്കുന്നതുമാണ് ഈ ജീവനക്കാരിയുടെ രീതിയെന്നും പ്രസിഡൻ്റ് പറഞ്ഞു.

