രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ഭയപ്പെടുത്തുന്ന ഫാസിസ്റ്റ് നടപടികൾ ഭരണകൂടം ചെയ്യുന്നുവെങ്കിൽ നമ്മൾ ഓരോരുത്തരേയും അത് എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചിന്തിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കുമളി:രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ഭയപ്പെടുത്തുന്ന ഫാസിസ്റ്റ് നടപടികൾ ഭരണകൂടം ചെയ്യുന്നുവെങ്കിൽ നമ്മൾ ഓരോരുത്തരേയും അത് എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചിന്തിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ പീരുമേട് അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനം കുമളി പഞ്ചായത്ത് പൊതുവേദിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ ജോസ് ഫിലിപ്പ് അധ്യക്ഷനായി.
ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന് നൽകുന്ന സന്ദേശം എന്തെന്ന് ഗൗരവത്തോടെ കാണണം. ലാഘവ ബുദ്ധിയോടെ സമീപിക്കുവാൻ കഴിയുന്നതല്ല. വരുംകാല ഭാവിയിൽ ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടി വരും. സ്വേച്ഛാധിപത്യവും അധികാര ദുർവിനിയോഗവും കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികളുടെ ഭാഗമാകുന്നു. ഇന്ത്യ നിലനിൽക്കുന്നത് മതേതര സങ്കല്പത്തിലാണ്.
രാജ്യത്ത് അധിവസിക്കുന്ന പൗരന്മാർക്ക് ഇവിടെ ജീവിക്കുവാനും കഴിയുവാനുമുള്ള അവകാശത്തെ പൗരത്വ ഭേദഗതി ബില്ലിലൂടെ ചോദ്യം ചെയ്യുകയാണ് കേന്ദ്രസർക്കാർ. ഒരു വിഭാഗത്തിന് പൗരത്വം നിഷേധിക്കുവാൻ ശ്രമം നടക്കുന്നു. കേരളം ഇന്ത്യയ്ക്കാകെ മാതൃക ഉയർത്തി നിൽക്കുന്ന സംസ്ഥാനമാണ്. ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്ക്ക് ജനങ്ങളെ വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. സാമ്പത്തികമായി പ്രതിരോധം തീർത്ത് കേരളത്തെ തകർക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.






