അയ്യപ്പൻകോവിൽ മേരികുളം തീപ്പെട്ടി ഫാക്ടറിക്ക് സമീപം കൃഷിയിടത്തിൽ വൻ തീ പിടുത്തം. ഒരേക്കർ സ്ഥലത്തെ വാഴ ചെടികൾ കത്തിനശിച്ചു
ഉപ്പുതറ :അയ്യപ്പൻകോവിൽ മേരികുളം തീപ്പെട്ടി ഫാക്ടറിക്ക് സമീപം കൃഷിയിടത്തിൽ വൻ തീ പിടുത്തം. ഒരേക്കർ സ്ഥലത്തെ വാഴ ചെടികൾ കത്തിനശിച്ചു. മേരികുളം കണ്ണൻകര ജയൻ്റെ കൃഷിയിടത്തിലാണ് അഗ്നിബാധയുണ്ടായത്.കഴിഞ്ഞ ദിവസം ഉച്ചയോടെ പുക ഉയരുന്നത് കണ്ട സ്ഥലയുടമയും സമീപത്തുള്ളവരും തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല.പിന്നീട് പോലീസ് സ്റ്റേഷനിലും കട്ടപ്പന ഫയർ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു .
കട്ടപ്പന ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് അഗ്നിബാത നിയന്ത്രണവിധേയമാക്കിയത്. ഒരേക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും കത്തി നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരേക്കറിൽ 800 ഏത്തവാഴകളാണുണ്ടായിരുന്നത്. ഇത് പൂർണ്ണമായും നഷ്ടപ്പെട്ടു.ജയൻ്റെ കൃഷിയിടത്തിൽ തീപിടിച്ചതറിഞ്ഞ് എത്തിയ പ്രദേശവാസികളുടെ പ്രയഗ്നമാണ് മറ്റ് ഭൂമിയിലേക്ക് അഗ്നിപടരാതെ കാത്തത്.
വേനൽ കടുത്തതോടെ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടുതീ പടർന്ന് പിടിക്കുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ തീ പടരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും, കൃഷിയിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. കട്ടപ്പന ഫയർഫോഴ്സിന്റെയും, പ്രദേശവാസികളുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാവാതിരുന്നത് .