പട്ടാപകല്‍ തൊടുപുഴ നഗരമധ്യത്തിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ മർദിച്ചു; കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മര്‍ദ്ദനമേറ്റു
പട്ടാപകല്‍ തൊടുപുഴ നഗരമധ്യത്തിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ തടഞ്ഞ് വച്ച് അപമാനിച്ച ശേഷം മര്‍ദ്ദിച്ചതായി പരാതി. കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മര്‍ദ്ദനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തൊടുപുഴയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടക്കുന്ന വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയും മൂന്ന് സഹപാഠികളും ചേര്‍ന്ന് മങ്ങാട്ട് കവലയിലുള്ള റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളില്‍ ഒരാൾ പെണ്‍കുട്ടിയുടെ ദേഹത്ത് മനപ്പൂര്‍വ്വം ചാരിയതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ദേഹത്ത് തട്ടിയ യുവാവിനെ പെണ്‍കുട്ടി രൂക്ഷമായി നോക്കിയപ്പോള്‍ യുവാക്കള്‍ പരസ്യമായി അശ്ലീല പദ പ്രയോഗം നടത്തിയെന്നാണ് പരാതി.
ഇതോടെ തര്‍ക്കം മൂര്‍ച്ഛിക്കുകയും കരണത്ത് അടിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. ഭയന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ നാല് പേരും കൂടി തടഞ്ഞ് വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യുവാക്കളില്‍ ഒരാള്‍ കത്തിയെടുത്ത് വീശിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന് മുറിവേല്‍ക്കുകയും ചെയ്തു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളില്‍ ഒരാളുടെ ബൈക്ക് നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളില്‍ ഒരാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയിലടക്കുകയും ചെയ്തയാളാണെന്നും പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.