സമരാഗ്നി ഫെബ്രുവരി 21 ന് കട്ടപ്പനയിൽ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രതിഷേധ ജാഥയ്ക്ക് 21ന് കട്ടപ്പനയിൽ നൽകുന്ന സ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ചെയർമാൻ ഇ. എം. ആഗസ്തിയും ജനറൽ കൺവീനർ ജോയി വെട്ടിക്കുഴിയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ 15,000 പ്രവർത്തകർ പങ്കെടുക്കും. പീരുമേട് നിയോജക മണ്ഡലം പൂർണമായും ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ നെടുംകണ്ടം ബ്ലോക്കിലെ ആറു മണ്ഡലങ്ങളും ഇടുക്കി ബ്ലോക്കിലെ മരിയാപുരം, വാഴത്തോപ്പ് മണ്ഡലങ്ങളും കട്ടപ്പന ബ്ലോക്കിലെ വാത്തിക്കുടി,കാമാക്ഷി, കട്ടപ്പന, കാഞ്ചിയർ മണ്ഡലങ്ങളിലെ പ്രവർത്തകരുമാണ് പങ്കെടുക്കുന്നത്.
വൈകിട്ട് 4 മണിക്ക് ലീഡർ കെ. കരുണാകരൻ നഗറിൽ (പഴയ ബസ് സ്റ്റാന്റ് ) സമ്മേളനം ആരംഭിക്കും. സമ്മേളത്തിന് മുന്നോടിയായി നഗരത്തിൻ്റെ അഞ്ച് കേന്ദ്രങ്ങളിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ സമ്മേളന നഗരിയിലേക്ക് എത്തുന്നത്. പീരുമേട് ബ്ലോക്കിലെ പ്രവർത്തകർ കട്ടപ്പന പള്ളിക്കവലയിൽ നിന്നും, ഏലപ്പാറ ബ്ലോക്ക് ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നിന്നും, ഇടുക്കി ബ്ലോക്ക് - ഇടുക്കിക്കവല പമ്പ് ജംഗ്ഷനിൽ നിന്നും, കട്ടപ്പന ബ്ലോക്ക് - പേഴുംകവല റോഡിൽ ഹിൽ ടൗൺ പരിസരത്തു നിന്നും, നെടുംകണ്ടം ബ്ലോക്ക് - പാറക്കടവ് റോഡിൽ പവിത്ര ജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. വിവിധ വാദ്യമേളങ്ങളും നാടൻകലാരൂപങ്ങളും പ്രകടനത്തിന് അണിനിരക്കും.ജാഥ ക്യാപ്റ്റന്മാരെ ചെന്നാട്ടുമറ്റം ജംഗ്ഷനിൽ നിന്നും തുറന്ന വാഹനത്തിൽ സ്വീകരിച്ച് ആനയിക്കും ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങൾ സങ്കിർണമാക്കി ഭൂവുടമകളെ വഴിയാധാരമാക്കിയ ഇടത് ഭരണത്തിനെതിരായ ശക്തമായ പ്രതിഷേധം സമരാഗ്നിയിൽ ആളികത്തുമെന്ന് നേതാക്കൾ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സപ്ലൈകോ സ്റ്റോറുകളെ നോക്കുത്തിയാക്കി കേരള ജനതയെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിവിട്ട പിണറായി സർക്കാരിനുള്ള താക്കിതായി ഈ സമരം മാറുമെന്ന് നേതാക്കൾ അറിയിച്ചു.വാർത്താ സമ്മേളത്തിൽ ഇ.എം.ആഗസ്തി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, തോമസ് മൈക്കിൾ, മനോജ് മുരളി, സിജു ചക്കുംമൂട്ടിൽ, കെ.ജെ. ബെന്നി, ബീന ടോമി, ജോയി ആനിത്തോട്ടം, ജോയി പൊരുന്നോലി എന്നിവർ പങ്കെടുത്തു.