വണ്ടിപ്പെരിയാറിൽ സി പി എം ൻ്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും
ചുരക്കുളം കേസിലെ കോടതിവിധിയെ പാർടിക്കെതിരെ മുതലെടുപ്പ് രാഷ്ട്രീയ ആയുധമാക്കുന്ന സംഘടിത രാഷ്‌ട്രീയ കൂട്ടുകെട്ടിനെ തിരിച്ചറിയണമെന്നും നീതി ലഭ്യമാക്കുംവരെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ ഇന്ന് (31 ജനുവരി 2024) വണ്ടിപ്പെരിയാറിൽ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടക്കും. പകൽ നാലിന് 10,000 പേർ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യതകൾ സിപിഐ എം ഏറ്റെടുക്കുന്ന പ്രഖ്യാപനവും ഉണ്ടാവും. ബാങ്കിൽനിന്ന് എടുത്ത വായ്പയും പലിശയും മറ്റ് സഹായവും ഉൾപ്പെടെ 11 ലക്ഷം രൂപയുടെ കൈത്താങ്ങാണ് പാർടി നൽകുന്നത്. പെൺകുട്ടി കൊലചെയ്യപ്പെട്ടതിനെ തുടർന്ന് എല്ലാ ഘട്ടങ്ങളിലും കുടുംബത്തോടൊപ്പം ഉറച്ചുനിന്ന സമീപനമാണ് സർക്കാരും സിപിഐ എമ്മും എൽഡിഎഫും സ്വീകരിച്ചതെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ പാർടിസംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി തുടങ്ങിയവർ പങ്കെടുക്കും.