അയ്യപ്പൻകോവിൽ മേരികുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം
അയ്യപ്പൻകോവിൽ മേരികുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം.6 വ്യാപാര സ്ഥാപനങ്ങളിലും സഹകരണ ബാങ്കിലും സ്കൂൾ കഞ്ഞിപ്പുരയിലുമാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചയോടെയാണ് അയ്യപ്പൻകോവിൽ മേരികുളത്ത് വ്യാപകമായ മോഷണ പരമ്പര അരങ്ങേറിയത്. ടൗണിലെ രണ്ട് സ്റ്റേഷനറി കടകൾ, രണ്ട് ബേക്കറികൾ, സഹകരണ ബാങ്ക് ശാഖ,ഇരുമ്പ് വ്യാപാര സ്ഥാപനം, സെൻ്റ് മേരിസ് എൽ പി സ്കൂളിലെ കഞ്ഞിപ്പുര, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലാണ് താഴ് തകർത്ത് മോഷണവും മോഷണശ്രമവും ഉണ്ടായത്.2 സ്റ്റേഷനറി കടകളിൽ നിന്നായി 75,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഒരു ബേക്കറിയിൽ നിന്നും 5000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു ബേക്കറിയിൽ നിന്നും നഷ്ടപ്പെട്ട തുകയുടെ കണക്കുകൾ ലഭ്യമാകുന്നതേയുള്ളൂ.തുടർച്ചയായി അടുത്തകാലത്തായി ഇത് രണ്ടാം തവണയാണ് മോഷണം നടക്കുന്നത്.
ഇന്നലെ രാത്രി രണ്ടു മണി വരെ മേരികുളത്ത് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ഇവർ പോയെന്ന് ഉറപ്പിച്ച ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. മോഷണം നടന്ന വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവികളിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞെങ്കിലും പല വ്യാപാര സ്ഥാപനങ്ങളിലേയും കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്ക് ഊരിക്കൊണ്ടാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. മോഷണം നടന്ന കടകളുടെ നേരെ എതിർവശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവികളിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഒരാൾ തന്നെയാണ് വിവിധ ഇടങ്ങളിൽ മോഷണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. രാവിലെ ബേക്കറി ഉടമ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ സമീപത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളും മോഷണം നടന്നതായി വ്യക്തമായി. ഉടൻതന്നെ പോലീസിൽ അറിയിക്കുകയും ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മോഷണം നടന്ന കടകളിൽ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.