വരയാടുകളുടെ പ്രജനന കാലം; ഫെബ്രുവരി ഒന്ന് മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്
വരയാടുകളുടെ പ്രജനന കാലമായതിനാൽ പതിവ് പോലെ ഫെബ്രുവരി ഒന്ന് മുതൽ രണ്ട് മാസത്തേക്ക് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇരവികുളം നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്. മാർച്ച് 31 വരെ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവധിക്കില്ല. ലോകത്താകെ മൂന്നിനം താർ സ്പീഷീസുകൾ ആണുള്ളത്.
1. Arabian tahr
2. Himalayan tahr
3. Nilgiri tahr
ഇവ മൂന്നും കടുത്ത വംശനാശ ഭീഷണി നേരിടുന്നവയും ഭൂമിയിലെ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നവയുമാണ്. പശ്ചിമഘട്ടത്തിലെ തെക്കൻ പുൽമേടുകളിൽ മാത്രമാണ് വരയാടുകൾ കാണപ്പെടുന്നത്. വരക്കെട്ടുകൾ അഥവാ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് കാണപ്പെടുന്ന 'വരൈ ആടു'കളാണ് വരയാടുകൾ. ദേഹത്ത് വരകളില്ലാത്ത ഇവയ്ക്കെങ്ങനെ വരയാടെന്ന് പേര് വന്നു എന്ന് കുട്ടികൾ സംശയിക്കാറുണ്ട്. ഇവയുടെ viable population എന്ന് കരുതാവുന്നത്ര എണ്ണമുള്ളത് ഇരവികുളത്താണ്. വാൽപ്പാറ, പൊന്മുടി മുതലായ മറ്റ് പലയിടത്തും ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ inbreeding depression മൂലം അതിജീവനക്ഷമത കുറഞ്ഞ കുഞ്ഞുങ്ങളുണ്ടായി ക്രമേണ അത്തരം പോപ്പുലേഷനുകൾ ഇല്ലാതായേക്കാം. എന്നാൽ ഇരവികുളത്തെ പോപ്പുലേഷൻ പ്രതീക്ഷ നൽകുന്നുണ്ട്. പുള്ളിപ്പുലികളാണ് ഇവയുടെ പ്രധാന വെല്ലുവിളി.