ദേശീയ പാതയിൽ വണ്ടിപ്പെരിയാർ 59-ാം മൈലിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം
ദേശീയ പാതയിൽ വണ്ടിപ്പെരിയാർ 59-ാം മൈലിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാർ 59 മൈലിന് സമീപമാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം സംഭവിച്ചത്. രാവിലെ 11 മണിയോടു കൂടിയായിരുന്നു അപകടം സംഭവിച്ചത്.കൊല്ലത്തു നിന്നും വണ്ടിപ്പെരിയാറിലേക്ക് കാലിത്തീറ്റയുമായി വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്.59-ാം മൈലിന് സമീപം എത്തിയപ്പോൾ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട വേളയിൽ എതിരെ വരുന്ന വാഹനത്തെ ഇടിക്കാതിരിക്കുന്നതിനായി ലോറി വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി മറിഞ്ഞത്.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്.കൊല്ലം സ്വദേശികളായ സുബിൻ,സൂരജ് എന്നിവരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ദേശീയപാതയിൽ പട്രോളിംഗിൽ ഉണ്ടായിരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.