പ്രശസ്ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്. 30 വർഷക്കാലമായി ഇന്ത്യൻ തിയറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമാണ്. തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ 1972 ജൂലൈ 16 നാണ് ജനനം. അച്ഛൻ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായർ. അമ്മ കെ.ശാന്തകുമാരി അമ്മ.
തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്കൂൾ, ഇരിങ്ങോൾ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കോളമിസ്റ്റ്, അധ്യാപകൻ, പത്രപ്രവർത്തകൻ, നടൻ, നാടക രചയിതാവ്, സംവിധായകൻ, ആട്ടക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. പതിനേഴാം വയസ്സിൽ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരൻ, അരചചരിതം, ബലൂണുകൾ, ജനാലയ്ക്കപ്പുറം, വജ്രമുഖൻ, മണികർണ്ണിക, ഛായാമുഖി, മകരധ്വജൻ(കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ), ചിത്രലേഖ, കറ തുടങ്ങി 30-ഓളം നാടകങ്ങൾ എഴുതിയിട്ടുണ്ട്.ടാഗോറിന്റെ തപാലാഫീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം,സ്വപ്നവാസവദത്തം (കർണാടക സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണയ്ക്ക് വേണ്ടി), എം.ടി.വാസുദേവൻ നായരുടെ ജീവിതവും കൃതികളും കോർത്തിണക്കി ദേശാഭിമാനി പത്രത്തിന് വേണ്ടി 'മഹാസാഗരം' തുടങ്ങിയവ പ്രധാന സംവിധാന സംരംഭങ്ങൾ.
പ്രശാന്ത് നാരായണന്റെ ചെയര്‍മാന്‍ഷിപ്പില്‍ 2015 ജൂലൈയില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച തീയറ്റര്‍ സ്ഥാപനമാണ് കളം. കർണാടക സര്‍ക്കാരിന്റെ ക്ഷണപ്രകാരം ധര്‍വാഡ് രംഗായണയ്ക്ക് വേണ്ടി, പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്‌കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്തു വിജയമാക്കി ഇന്ത്യന്‍ തിയറ്റര്‍ രംഗത്തെ തന്റെ ശ്രദ്ധേയമായ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.2004ൽ സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള പുരസ്‌കാരം. 2011ൽ ദുർഗ്ഗാദത്ത പുരസ്‌കാരം, 2015ൽ എ.പി.കളയ്ക്കാട്ട് പുരസ്‌കാരം, 2016 ൽ അബുദാബി ശക്തി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ‘മനോരമ ഓൺലൈന്‍’ സംഘടിപ്പിച്ച ‘എംടി കാലം നവതിവന്ദനം’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച ‘മഹാസാഗരം’ എന്ന നാടകത്തിനായാണ് അവസാനം അരങ്ങിലെത്തിയത്.