ജില്ലയില്‍ വീണ്ടും തെരുവ് നായ ആക്രമണം. രാജകുമാരിയില്‍ തെരുവ് നായുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്

ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാകുകയാണ്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടിച്ച് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും തുടർ നടപടി ആയിട്ടില്ല. ഇതോടെ തിരക്കുള്ള ടൗണുകളില്‍ പോലും നായ്ക്കൂട്ടങ്ങള്‍ കറങ്ങി നടക്കുന്നത് ഭീഷണി ആവുകയാണ്. ഇന്ന് രാവിലെയാണ് ഇരുചക്രവാഹനത്തിൽ ബി ഡിവിഷനിൽ എത്തിയ രാജകുമാരി സ്വദേശി കാക്കനാട്ട് ജയിംസ് ജോസഫിന് നായയുടെ കടിയേറ്റത് . വലത് കാലിനാണ് കടിയേറ്റത് ഉടൻതന്നെ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .
കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് രാജകുമാരി ടൗണിൽ എത്തിയ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അതെ സമയം തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറിൽ അടക്കുവാനുള്ള നടപടി സ്വികരിച്ചതായും ഇതിനായി പരിശീലനം നേടിയ രണ്ട് പേരെ നിയമിച്ചതായും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ജില്ലയില്‍ രാപ്പകൽ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന നായ്ക്കള്‍ ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോഴും നായ്ക്കളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധവും ശക്തമാണ് .