അടിമാലിയിൽ ചന്ദനവുമായെത്തിയ യുവാക്കൾ പൊലീസിനെ കണ്ട് പരക്കം പാഞ്ഞു. അവസാനം പിടിയിലായത് ബാറിൽ വച്ച്

ചന്ദനവുമായി രണ്ട് യുവാക്കള്‍ അടിമാലിയില്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ റിയാസ് പി മുഹമ്മദ്, മുബഷീര്‍ എന്നിവരെയാണ് അടിമാലി ട്രാഫിക് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 56 വലിയ ചന്ദന കഷണങ്ങളും വെട്ടുപൂളുകളും കണ്ടെടുത്തു.
4 ചാക്കുകളിലായി 100 കിലോയോളം തൂക്കം വരുന്ന ചന്ദനം വാഹനത്തിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു.അടിമാലി ട്രാഫിക് പോലീസ് കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ കൂമ്പന്‍പാറക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ഒരു വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് അടിമാലി പോലീസ്, സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച് വാഹനം പിടികൂടുവാന്‍ ശ്രമിച്ചു. ഇവിടെയും യുവാക്കള്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ അടിമാലിയില്‍ ബാര്‍ ഹോട്ടലില്‍ വാഹനം പാര്‍ക്ക് ചെയ്ത് ബാറില്‍ പ്രവേശിച്ചു. പിന്‍തുടര്‍ന്ന് എത്തിയ ട്രാഫിക് പോലിസ് പ്രതികളേയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അടിമാലി ട്രാഫിക് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.