മെഡിക്കൽ ക്യാമ്പും തൈറോയിഡ് സ്‌ക്രീനിങ് ടെസ്റ്റും ബോധവൽക്കരണ സെമിനാറും നടന്നു

ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയുടെയും മുട്ടം തൈറോയിഡ് സ്‌പെഷ്യൽ ക്ലിനിക്കിന്റെയും ശാന്തൻപാറ ഗവ ഹോമിയോ ആശുപത്രിയുടെയും റോട്ടറി ക്ലബ്ബ് ഓഫ് വിന്റേജ് മൂന്നാർ ശാന്തൻപാറയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
എസ്റ്റേറ്റ് പൂപ്പാറ മണമ്മേൽ ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉത്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് നിർവഹിച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ അയഡിന്റെ കുറവിനെ തുടർന്ന് തൈറോയിഡ് രോഗം വർദ്ധിച്ച സാഹചര്യത്തിലാണ് മെഡിക്കൽ ക്യാമ്പും തൈറോയിഡ് സ്ക്രീനിംഗ് ടെസ്റ്റും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചത്. ശാന്തൻപാറ റോട്ടറി ക്ലബ്ബ് നടത്തിവരുന്ന സാമൂഹ്യ സേവന പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ക്ലബ്ബ് പ്രസിഡന്റ് എം എം ഷാജി പറഞ്ഞു.
തൈറോയിഡ് സ്ക്രീനിംഗ് ടെസ്റ്റ്,തൈറോയിഡ് ബോധവൽക്കരണം ,പ്രി ഹൈപ്പർ ടെൻഷൻ,പ്രി ഡയബറ്റിക്ക് ,മാനസിക പിരിമുറുക്കം തുടങ്ങി ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് നിർദേശങ്ങളും ചികിത്സയും നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒപ്പം കുറഞ്ഞ നിരക്കിൽ സ്വകാര്യ ലാബിന്റെ സഹായത്തോടെ വിവിധ രോഗനിർണയ ടെസ്റ്റുകളും ഒരുക്കിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷാ ദീലീപ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ഹരിചന്ദ്രൻ,മനു റെജി,പ്രിയദർശിനി ഗോപാലകൃഷ്‌ണൻ ,സി ഡി എസ് ചെയർപേഴ്സൺ ശ്യാമള ബാലൻ,തുടങ്ങിയവർ പങ്കെടുത്തു ഡോ.അനു ജോസഫ്,ഡോ.എൽ പി അജിത്ത്,ഡോ.എൽബി എൽദോസ്,എന്നിവർ ബോധവൽക്കരണ സെമിനാർ നയിക്കുകയും ചികിത്സയും നിർദേശങ്ങളും നൽകുകയും ചെയ്‌തു ക്ലബ്ബ് പ്രസിഡന്റ് എം എം ഷാജി, സെക്രട്ടറി ബേസിൽ ഐപ്പ് ,ട്രഷറർ കലേഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപെടുത്തി.