നവകേരള സദസിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രഭാതയോഗം ഇടുക്കിയിൽ തുടങ്ങി
നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും സംവദിക്കുന്നു. പ്രഭാതയോഗം ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് നടക്കുന്നത്.
നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ പങ്കെടുക്കുന്ന നവകേരള സദസിന് ഇന്നലെയാണ് ഇടുക്കി ജില്ലയിൽ തുടക്കമായത്.
വൈകീട്ട് ഗാന്ധിസ്‌ക്വയര്‍ മൈതാനത്ത് നവകേരള സദസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ , തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു, ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, നിയമം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, തദ്ദേശസ്വംയഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, എന്നിവരുടെ സാന്നിധ്യത്തിലാണ് സദസ്സ് ഉദ്ഘാടനം ചെയ്തത്.
നവകേരള സദസില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷകളില്‍ സമയബന്ധിത നടപടി ഉറപ്പാക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട് . പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളാണ് ഓരോ വേദിയിലും ഒരുക്കിയിരിക്കുന്നത് പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പും , പരിപാടി കഴിഞ്ഞതിനു ശേഷവും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും മൊബൈല്‍ നമ്പറും നിര്‍ബന്ധമായി നല്‍കണം. പരാതിക്കാര്‍ക്ക് രസീത് നല്‍കും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളു.








