നാടക മത്സരത്തിലെ സാങ്കേതികപ്പിഴവിനെ പൊരുതി ജയിച്ച് അൽന മികച്ച നടിയായി
ഹയർ സെക്കൻ്റ്റി വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അൽന.ജന്മി കുടിയാൻ വ്യവസ്ഥിതിയും സ്ത്രീ പീഡനവുമെല്ലാം കോർത്തിണക്കിയാണ് നാടകം അരങ്ങ് തകർത്തത്. ആൺകുട്ടിയായി വേഷമിട്ട അൽനയെ തേടി മികച്ച നടിക്കുള്ള അംഗീകാരവും എത്തി.അധികൃതർക്ക് ഉണ്ടായ സാങ്കേതികപ്പിഴവുമൂലം മത്സരിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ നിന്നുമാണ് മൂലമറ്റം എസ്.എച്ച്.എച്ച്.എസ്.എസ്.ലെ അൽന ബിജു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് . ജിബ്രീഷ് കിനാവ് എന്ന നാടകത്തിൽ തെറ്റുകൾ ചെയ്തു കൂട്ടുന്ന ജന്മിയായ കുള്ളൻകുമാരൻ എന്ന കഥാപാത്രത്തെയാണ് അൽന അവതരിപ്പിച്ചത്.
ബുധനാഴ്ച നാടക മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് സാങ്കേതികപ്പിഴവുമൂലം അൽനയുൾപ്പെട്ട നാടക സംഘം ആശങ്കയിലായിരുന്നു. 10 അംഗ സംഘമാണ് മത്സരത്തിനെത്തിയത്.ഇതിൽ ഒരാളുടെ പേര് മാത്രമാണ് പട്ടികയിൽ ഉണ്ടായിരുന്നത് . ഇതോടെ വിദ്യാർഥിനികൾ ആശങ്കയിലായി. എല്ലാവരും കരഞ്ഞുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടറെ സമീപിച്ചു. തുടർന്ന് അറക്കുളം ഉപജില്ലയുമായി ബന്ധപ്പെടുകയും സർട്ടിഫിക്കറ്റ് ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തു.പിന്നീടാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്. നാടകത്തിന്റെ ക്യാപ്റ്റനായി ഒരാളെ രേഖപ്പെടുത്തേണ്ടിയിരുന്നതിനു പകരം രണ്ടുപേരെയാണ് പരിഗണിച്ചിരുന്നത്. ഇതിനാൽ ബാക്കിയുള്ളവരെല്ലാം ലിസ്റ്റിൽ ഉൾപ്പെടാത്ത സ്ഥിതിയായിരുന്നു. തുടർന്ന് ഓൺലൈനായി പ്രശ്‌നം പരിഹരിച്ച് ഒരാളെ ക്യാപ്റ്റനായി നിശ്ചയിച്ചുകൊണ്ട് സൈറ്റിലെ വിവരം പുനക്രമീകരിച്ചു. മുമ്പ് കഥാപ്രസംഗത്തിൽ കഴിവ് തെളിയിച്ചുവെങ്കിലും നാടകത്തിൽ ആദ്യമായാണ് അൽന മത്സരിക്കുന്നത്. ലുക്മാൻ മൊറയൂരാണ് നാടക പരിശീലകൻ. അറക്കുളം പാലക്കാട്ടുകുന്നേൽ ബിജുജോർജ്ജ് -സിനി ബിജു ദമ്പതികളുടെ മകളാണ് അൽന.