കലോത്സവ നഗരിയിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ് മത്സരാർത്ഥികൾ
ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ പ്രഭാത ഭക്ഷണം തീർന്നത് പ്രതിസന്ധി ഉണ്ടാക്കി.ഇന്ന് രാവിലെ ഊട്ടുപുരയിൽ ഭക്ഷണം തീർന്നതോടെ മത്സരാർഥികളും ഇവരുമായെത്തിയ അധ്യാപകരും വലഞ്ഞു.സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മെല്ലാം ഭക്ഷണം കൊടുക്കുക എന്നത് സംഘാടകസമിതിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ രാവിലെ തന്നെ ഭക്ഷണം തീർന്നു. ഇതോടെ മത്സരിക്കാൻ എത്തിയ വിദ്യാർത്ഥി ഉൾപ്പെടെ കുഴഞ്ഞു. 10-30ന് ഭക്ഷണ സമയം കഴിഞ്ഞ് ഊട്ടുപുര അടയ്ക്കാറുണ്ടെങ്കിലും വ്യാഴാഴ്ച ഒൻപതിനുശേഷം ഭക്ഷണം തീർന്നു. മത്സര സമയം അടുത്തതോടെ ഒട്ടേറെ മത്സരാർഥികൾക്ക് പുറത്തുപോയി കഴിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഏതാനും മത്സരാർഥികളും അധ്യാപകരും അടുത്തുള്ള ഹോട്ടലുകളിൽ എത്തിയെങ്കിലും മത്സരാർഥികളുടെ തിരക്കേറിയതോടെ അവിടെയും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇതോടെ പലരും ഒരു കിലോമീറ്ററിലധികം ദൂരെ പുതിയ ബസ് സ്റ്റാൻഡിലെത്തിയാണ് ഭക്ഷണം കഴിച്ചത്.