ഇടുക്കി ജില്ലയിലെ വിവിധ ജലാശയങ്ങളിൽ ഫിഷറീസ് വകുപ്പ് ഇരുപത് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർധിപ്പിക്കുക,മത്സ്യ ലഭ്യത ഉറപ്പ് വരുത്തുക,ജലാശങ്ങളെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെയും മൽസ്യ തൊഴിലാളികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിൽ മൽസ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
സർക്കാരിന്റെ കേരള റിസർവേയർ ഫിഷറീസ് ഡെവലപ്മെന്റ് പ്രോജക്ട് പ്രകാരമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
ജില്ലയിലെ മാട്ടുപെട്ടി, ആനയിറങ്കൽ, പൊൻമുടി, ഇരട്ടയാർ എന്നീ ജലാശയങ്ങളിലാണ് ഈ വർഷം പദ്ധതി നടപ്പാക്കുക. മലയോരമേഖലയിലെ ശീത ജലാശയങ്ങളിൽ അതിവേഗം വളരുന്ന കാർപ്പ്,കട്ടള,റോഹു,മൃഗാൽ,ഗോൾഡ് ഫിഷ് തുടങ്ങിയ മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വിവിധ അണക്കെട്ടുകളിലായി ഇരുപത് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജലാശയങ്ങളിലെ മത്സ്യ സമ്പത്തിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവർക്ക് പദ്ധതി ഏറെ ഗുണകരമാകും. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആനയിറങ്കൽ ജലാശയത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് ഉത്‌ഘാടനം ചെയ്‌തു.
അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ബി നൗഷാദ്,ഗ്രാമപഞ്ചായത്ത് അംഗം പി റ്റി മുരുകൻ,അക്വ കൾച്ചർ പ്രേമോട്ടർ രജനി മാധവദാസ് ,ഡാം ഓപ്പറേറ്റർ ജോർജ് കുട്ടി, ഹൈഡൽ ടൂറിസം ജീവനക്കാർ,പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.