ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ശാന്തൻപാറ പേത്തോട്ടി മേഖലയുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ഒരുങ്ങി ശാന്തൻപാറ ഗ്രാമപഞ്ചായത്ത്

ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ശാന്തൻപാറ പേത്തോട്ടി മേഖലയുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ഒരുങ്ങി ശാന്തൻപാറ ഗ്രാമപഞ്ചായത്ത്.പേത്തൊട്ടി മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി പ്രതേക പാക്കേജ് അനുവദിക്കണമെന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ആവിശ്യപ്പെട്ടു.
കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക അപര്യാപ്‍തമാണ്. അതിനാൽ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് ഉടുമ്പൻചോല എം എൽ എയോടും സംസ്ഥാന സർക്കാരിനോടും ആവിശ്യപ്പെടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു.ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലിനെയും മണ്ണിടിച്ചലിനെയും തുടർന്ന് 22 ഹെക്ടർ സ്ഥലത്ത് കൃഷി നാശമാണ് ഉണ്ടായത് . 9 ഹെക്ടർ ഭൂമി പൂർണമായും ഒലിച്ചുപോയി. ഇരുപത്തിയഞ്ചോളം കർഷകരുടെ ഭൂമിയാണ് നഷ്ടപ്പെട്ടത്. പേത്തൊട്ടി, പുത്തടി എന്നിവിടങ്ങളിൽ നേരിട്ട് എത്തി കൃഷി വകുപ്പ് അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നു .
കൃഷിയിടം പൂർണമായി നഷ്ടപ്പെട്ട കർഷകർക്ക് ഹെക്ടറിന് 47,000 രൂപ വരെ ധനസഹായം നൽകുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് തുക നൽകുക. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കർഷകർക്ക് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്നും സ്ഥലം നഷ്ടമായിട്ടുണ്ടെങ്കിൽ സ്ഥലം ഉടമയ്ക്കും നഷ്ടപരിഹാരം നൽകുമെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു .
എന്നാൽ ദുരിത ബാധിതർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും കൂടുതൽ തുക ലഭ്യമാക്കുന്നതിനും ഉരുൾപൊട്ടൽ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാൻ സംസ്ഥാന സർക്കാരിനോട് ആവിശ്യപെടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് പറഞ്ഞു.ധനസഹായം നൽകുന്നതിന് സർക്കാർ ഇടപെടൽ വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.