ഇടുക്കി ഏലപ്പാറയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ചികിത്സാലയം ആരോഗ്യ വിഭാഗം അടപ്പിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി
ഏലപ്പാറ ചെമ്മണ്ണ് റോഡിൽ വാടക കെട്ടിടത്തിലാണ് വർഷങ്ങളായി സ്ഥാപനം പ്രവർത്തിച്ച് വന്നിരുന്നത്. പൈൽസിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരിൽ ഇതര സംസ്ഥാനക്കാരനാണ് സ്ഥാപനം നടത്തിയിരുന്നത്. ഇതിന് പുറമേ കുട്ടികൾക്ക് അടക്കം ഇംഗ്ലീഷ് മരുന്നുകൾ നൽകുകയും ഇൻജക്ഷനടക്കം നൽകി മറ്റ് ചികിത്സകളും ഇയാൾ നടത്തിവന്നിരുന്നു. കൂടുതലും അന്യ സംസ്ഥാനക്കാരായ ആളുകളാണ് ഇവിടെ എത്തിയിരുന്നതും.
തുടർച്ചയായി പരാതികൾ എത്തിയതോടെ ആരോഗ്യവിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും മതിയായ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധനയിൽ വിവിധ തരം ഇംഗ്ലീഷ് മരുന്നുകളും ഇൻജക്ഷൻ മരുന്നുകൾ അടക്കമുള്ളവയും കണ്ടത്തുകയും ചെയ്തു..
ഇവിടെ നിന്നും ചികിത്സ തേടി മറ്റ് അസ്വസ്ഥതകൾ ഉണ്ടായിട്ടുള്ളവർ ഏലപ്പറ സർക്കാർ ആശുപതിയിൽ ചികിത്സ തേടണമെന്നും അധികൃതർ വ്യക്തമാക്കി.