വണ്ടിപ്പെരിയാർ മൂങ്കലാറിലെ ജനവാസ മേഖലയിൽവീണ്ടും പുലിയുടെ സാന്നിധ്യം

വണ്ടിപ്പെരിയാർ മൂങ്കലാർ ജനവാസ മേഖലയിലാണ് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ ഇന്ന് അറിയിച്ചിരിക്കുന്നത്.പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടു തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ്. ഇതിനോടകം തന്നെ നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കിയ സാഹചര്യത്തിൽ വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്.
ഇന്നലെ കൂടി പുലിയുടെ സാന്നിധ്യം കണ്ടതോടുകൂടി ഏറെ ഭീതിയിൽ ആയിരിക്കുകയാണ് തോട്ടം തൊഴിലാളികളായ പ്രദേശവാസികൾ. തങ്ങൾ ജോലിക്ക് പോകുന്ന തേയില തോട്ടത്തിന് സമീപം പുലിയെ കണ്ടതോടെ ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ആറുമാസക്കാലമായി പ്രദേശത്തു നിന്നും പത്തോളം ആടുകളെയും വളർത്ത് നായ്ക്കളെയും ആണ് പുലി പിടിച്ചിരിക്കുന്നത് . മൂങ്കലാർ പ്രദേശത്തെ ആറ്റോരം കേന്ദ്രീകരിച്ചുള്ള വീടുകളുടെ സമീപത്താണ് പുലിയുടെ സാന്നിധ്യം ഏറെ കണ്ടുവരുന്നതെന്നും ഇന്നലെ സമീപപ്രദേശത്തെ പാറയ്ക്കു മുകളിൽ പുലിയെ കണ്ടതായും പ്രദേശവാസി പറയുന്നു.
പ്രദേശത്തെ നിരവധി വിദ്യാർത്ഥികളും വീടുകളിലേക്ക് എത്തേണ്ടത് പുലിയുടെ സാന്നിധ്യം കണ്ട പ്രദേശത്ത് കൂടിയാണ്. ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന പുലിയെ മയക്കു വെടി വച്ച് പിടികൂടുവാൻ വേണ്ട നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്ത പക്ഷം ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് പ്രദേശവാസികളുടെ തീരുമാനം.