സ്വയംപ്രതിരോധത്തിന്‍റെ അടിതടകള്‍ അഭ്യസിച്ച് വണ്ടൻമേട് എംഇഎസ് സ്കൂളിലെ പെണ്‍കുട്ടികള്‍
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായി ക്കൊണ്ടിരിക്കെ അത്തരം അശുഭകരമായ സാഹചര്യങ്ങളെ തന്‍റേടത്തോടെ നേരിടാന്‍ പഠിച്ച് കഴിഞ്ഞിരിക്കുകയാണ് വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍. തങ്ങള്‍ക്കെതിരേ അതിക്രമത്തിന്‍റെ ഒരു കൈയ്യനക്കമുണ്ടായാല്‍ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന പാഠം പോലീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് എംഇഎസിലെ വിദ്യാര്‍ഥിനികളെ പരിശീലിപ്പിച്ചത്. ഇടുക്കി വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരായ ബിന്ദു ടി ജി, ബിന്ദുമോള്‍ ടി ജി, സോഫിയ കെ എസ് എന്നിവരാണ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട സ്വയം പ്രതിരോധ പാഠങ്ങള്‍ വിദ്യാര്‍ഥിനികളെ പരിശീലിപ്പിച്ചത്.
സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു ആര്‍ച്ച എന്ന പേരില്‍ നടന്ന സ്വയംപ്രതിരോധ പരിശീലന പരിപാടി. പരിശീലന ക്ലാസ് സ്കൂള്‍ ഹെഡ്മിസ്ട്രസ് മായ വസുന്ധരാ ദേവി ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട് എസ്എച്ച്ഒ സലീംരാജ് മുഖ്യാതിഥിയായിരുന്നു. എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ റഷീദ് പി പി, അധ്യാപകനായ നോബിള്‍ ടോം സംസാരിച്ചു.