സഞ്ചാരികളാൽ നിറഞ്ഞ് ഇടുക്കി ; മനസ് നിറഞ്ഞ് സഞ്ചാരികൾ
തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണം ലക്ഷത്തിനടുത്ത്. പൂജ അവധി പ്രമാണിച്ച് സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികള്‍ എത്തിയതോടെയാണ് നാലുദിവസം സന്ദര്‍ശകരാല്‍ നിറഞ്ഞത്.മൂന്നുദിവസങ്ങളിലായി ഡി.ടി.പി.സിയുടെ കണക്ക് പ്രകാരം ജില്ലയിലേക്കെത്തിയത് 75,052 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് വാഗമണ്ണിലാണ്. 25,000നുമുകളില്‍ ആളുകളാണ് ഈ ദിവസങ്ങളില്‍ വാഗമണ്‍ സന്ദര്‍ശിച്ചത്. 1735 പേര്‍ മാട്ടുപെട്ടിയിലും 7250 പേര്‍ രാമക്കല്‍മേടും സന്ദര്‍ശിച്ചു.
5951 പേരാണ് പാഞ്ചാലിമേട്ടില്‍ എത്തിയത്. 5000 പേര്‍ ഹില്‍വ്യൂ പാര്‍ക്കും സന്ദര്‍ശിച്ചു. വാഗമണ്‍ മൊട്ടക്കുന്ന് കാണാൻ തിങ്കളാഴ്ച മാത്രം എത്തിയത് പതിനായിരത്തിലധികം പേരാണ്. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 20,000 പേര്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ചത്തെ കണക്ക് കൂടി എടുത്താല്‍ സഞ്ചാരികളുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് ഡി.ടി.പി.സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ ജില്ലയിലെ മറ്റ് ടൂറിസം സെന്‍ററുകളിലും നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലായി എത്തിച്ചേര്‍ന്നത്.
മൂന്നാറിലേക്കും ഒട്ടേറെ സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടിയിലും രാജമലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു. തേക്കടി, രാമക്കല്‍മേട്, കാല്‍വരിമൗണ്ട്, അഞ്ചുരുളി, പരുന്തുംപാറ, പാഞ്ചാലിമേട്, പാല്‍ക്കുളംമേട്, അരുവിക്കുഴി, തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, മലങ്കര എന്നിവിടങ്ങളിലും തദ്ദേശീയരായ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വാഗമണില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇടുക്കി-ഏലപ്പാറ-വാഗമണ്‍ റൂട്ടിലും ഈരാറ്റുപേട്ട റൂട്ടിലും ഗതാഗത തടസ്സമുണ്ടായി. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും കുരുക്കില്‍പെട്ടു.
മൂന്നാറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍;-
മൂന്നാര്‍: പൂജ അവധി ദിനങ്ങളില്‍ മൂന്നാറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. മൂന്നാര്‍ മേഖലയിലെ മുഴുവൻ ഹോട്ടലുകളും മൂന്നുദിവസവും ഫുള്ളായിരുന്നു. ബുക്ക് ചെയ്യാതെ എത്തിയ സഞ്ചാരികളില്‍ പലരും മുറികിട്ടാതെ വലഞ്ഞു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വാഹനങ്ങളില്‍ കഴിച്ചുകൂട്ടിയവരുമുണ്ട്. നിരത്തുകളില്‍ സന്ദര്‍ശക വാഹനങ്ങള്‍ നിറഞ്ഞതോടെ മൂന്നാര്‍ മേഖലയിലെങ്ങും ഗതാഗതക്കുരുക്കായി. മാട്ടുപ്പെട്ടി, മറയൂര്‍ റൂട്ടുകളിലായിരുന്നു തിരക്കേറേയും. വാഹനക്കുരുക്കുമൂലം മണിക്കൂറുകളെടുത്താണ് മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടിലെ പത്ത് കിലോമീറ്റര്‍ വാഹനങ്ങള്‍ താണ്ടിയത്.
മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ രാജമലയുടെ പ്രവേശന കവാടമായ അഞ്ചാം മൈലിലും ഗതാഗതക്കുരുക്ക് യാത്രക്കാരെ വലച്ചു. യാത്രാബസുകള്‍ വരെ ഈ കുരുക്കില്‍പെട്ട് മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. തിങ്കളാഴ്ച 2800 പേരാണ് രാജമല സന്ദര്‍ശിച്ചത്.
അഞ്ചാം മൈലില്‍നിന്ന് വനം വകുപ്പിന്റെ വാഹനങ്ങളിലാണ് ആറര കിലോമീറ്റര്‍ ദൂരെ രാജമലയിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്നതും തിരിച്ചെത്തിക്കുന്നതും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഈ റൂട്ടില്‍ ബഗികാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ബഗികാറുകളാണ് ഇവിടെയുള്ളത്. നാലുപേര്‍ക്ക് കയറാവുന്ന ഇവക്ക് 2800 രൂപയാണ് ഈടാക്കുന്നത്. തിങ്കളാഴ്ച മാത്രം 96,000 രൂപയാണ് ബഗി കാറുകള്‍ ഓടിയതുവഴിയുള്ള വരുമാനം. മാട്ടുപ്പെട്ടിയിലും സഞ്ചാരികളുടെ വൻ തിരക്കായിരുന്നു. ബോട്ടിങ്ങിന് ടിക്കറ്റ് കിട്ടാതെ ഒട്ടേറെപ്പേര്‍ മടങ്ങി.