കാഞ്ചിയാർ കക്കാട്ടുകടയിൽ ഏലയ്ക്കാ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കാഞ്ചിയാർ കക്കാട്ടുകടയിൽ ഏലയ്ക്കാ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.നരിയംപാറ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് വീണ്ടും പിടിയിലായത്.
കട്ടപ്പന സ്വദേശി പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽ ഇന്ന് രാവിലെയാണ് മോഷണ ശ്രമം നടന്നത്.തോട്ടത്തിലെത്തിയ സൂപ്പർവൈസറാണ് ഒരാൾ പതുങ്ങിയിരുന്ന് കവറിലും ബാഗിലുമായി ഏല ചെടിയിൽ നിന്ന് കായകൾ പറിച്ചെടുക്കുന്നത് കാണുന്നത്.തുടർന്ന് തൊട്ടടുത്തുണ്ടായിരുന്ന നാട്ടുകാരന്റെ സഹായത്തോടെ മോഷ്ടാവിനെ സാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.
കാഞ്ചിയാർ -കക്കാട്ടുകട മേഖലയിൽ ഏലയ്ക്കാ മോഷണം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.മുണ്ടക്കയം കൂട്ടിക്കൽ പുന്നേൽപ്പറമ്പിൽ സുബിൻ വിശ്വംഭരനാണ് മോഷണശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് നരിയംപാറ പുതിയ കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.ജാമ്യത്തിലിറങ്ങിയ ശേഷം മോഷണം പദ്ധതിയിട്ടാണ് ഇയാൾ വീണ്ടും ഇടുക്കിയിലെത്തിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.