കട്ടപ്പന വാഴവരയിൽ വളർത്തുനായയെ ആക്രമിച്ചത് പുലിതന്നെയെന്ന് നാട്ടുകാർ: ഇരുട്ടിൽ തപ്പി വനം വകുപ്പ്
ഇടുക്കി വാഴവരയിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നായയുടെ ജഡം വന്യജീവി പൂർണ്ണമായും ഭക്ഷിച്ചു. എന്നാൽ
പുലിയാണോയെന്നതിൽ വ്യക്തതയില്ലെന്ന് വനം വകുപ്പ് അറിയിച്ചു.ശനിയാഴ്ച രാത്രിയിലാണ് വാഴവര കൗന്തി ചീമ്പാറയിൽ മണിയുടെ വളർത്തു നായയെ വന്യ ജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നായയുടെ ജഡം ഭക്ഷിക്കുവാൻ വന്യജീവി വീണ്ടുമെത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇത് മറവ് ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു.തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് നായയുടെ ജഡം പൂർണ്ണമായും ഭക്ഷിച്ച നിലയിൽ കണ്ടത്. എന്നാൽ വന്യജീവി ഏതാണെന്നതിൽ വ്യക്തയില്ല
പ്രദേശവാസികളുടെ ആവശ്യപ്രകാരം വനം വകുപ്പ് ഈ ഭാഗങ്ങളിൽ രാത്രി കാല നിരീക്ഷണം നടത്തുന്നുണ്ട്. ഇനിയും വളർത്ത് മൃഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ക്യാമറ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.തോട്ടം തൊഴിലാളിയായ സ്ത്രീകൾ കഴിഞ്ഞ ദിവസം കുരിശുമല ഭാഗത്തുള്ള ഏലത്തോട്ടത്തിൽ വന്യ ജീവിയെ നേരിൽ കണ്ടിരുന്നു.പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെയാണ് കണ്ടതെന്നാണ് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.