നെടുങ്കണ്ടം കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്

നെടുങ്കണ്ടം കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. തേർഡ് ക്യാമ്പ് മൂലശ്ശേരി സുനിൽകുമാറിനും മകൻ ശ്രീനാഥനും ആണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പാമ്പാടിയിലെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തേഡ് ക്യാമ്പിലെ വീട്ടിലെത്തിയ സമയത്താണ് അപകടം നടന്നത്. വീടിനുള്ളിൽ ഇരിക്കുകയായിരുന്ന സുനിലിനും മകൻ ശ്രീനാഥനും ആണ് ഇടിമിന്നലിൽ പരിക്കേറ്റത്. തലയ്ക്കും കാലിനും മുറിവേറ്റ സുനിലിനെയും മകൻ ശ്രീനാഥിനേയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനാഥ് . ശ്രീനാഥ് അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. സുനിൽ ഇപ്പോഴും തേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കരുണാപുരം, തേർഡ് ക്യാമ്പ് , രാമക്കൽമേട്, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിൽ എല്ലാം കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് പെയ്തത്.