ഇരട്ടയാറിൽ ഭിത്തി ഇടിച്ചു തകർത്ത് കാർ വീടിനുള്ളിൽ;വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഇരട്ടയാറിൽ യുവാക്കൾ സഞ്ചരിച്ച കാർ വീടിനുള്ളിലേക്ക് ഇടിച്ച് കയറി. ഇരട്ടയാർ ഒഴുകയിൽ ജോസുകുട്ടിയുടെ വീടിനുള്ളിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. മാരുതി എർട്ടിഗ കാറാണ് അപകടത്തിൽ പെട്ടത്. മൂന്ന് യുവാക്കൾ കാറിലുണ്ടായിരുന്നു.. കട്ടപ്പന ബൈപ്പാസ് റോഡിലുള്ള ഇൻഡസ് വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഇവർ.
ജോസുകുട്ടിയുടെ വീടിന്റെ ചുവരുകൾ അടക്കം മുൻവശം പൂർണ്ണമായും തകർന്നു. 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കാമാക്ഷി പാറക്കടവിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് കട്ടപ്പനക്ക് മടങ്ങും വഴിയാണ് കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറിയത്. വീടിന്റെ മുൻവശത്തെ മുറിയിൽ ആരും ഉണ്ടായിരുന്നില്ല.
അതിനാൽ ആളപായം ഉണ്ടായില്ല. കാറിലുണ്ടായിരുന്നുവർക്ക് കാര്യമായ പരിക്കില്ല. കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു.