ശബരിമല ശരം കുത്തിയിൽ വൻ മോഷണം. കട്ടപ്പന സ്വദേശി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഏഴ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പുളിയൻമലയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. സംഭവത്തിൽ ബിഎസ്എൻഎല്ലിന് നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും മുറിച്ചു കടത്തിയ സംഘം പവർ പ്ലാന്റ് മുതൽ ബാറ്ററി വരെയുള്ള കേബിൾ മുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേബിളുകൾ മോഷ്ടിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ന് തുലാമാസ പൂജയ്‌ക്ക് നട തുറന്നപ്പോൾ ശരംകുത്തി ടവറിൽനിന്നു സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരുമെന്ന ആശങ്കയിലായിരുന്നു അധികൃതർ.
സംഭവത്തിൽ ബിഎസ്എൻഎൽ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി അജിത്തും സംഘവും അന്വേഷം നടത്തിയിരുന്നു. മരക്കൂട്ടത്ത് എത്തി ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പമ്പയിൽനിന്ന് നേരെ സന്നിധാനത്തേക്കുള്ള വഴി ഒഴിവാക്കി പ്രതികൾ വനത്തിലൂടെ കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദിവസങ്ങളോളം വനത്തിൽ തങ്ങി കേബിളുകൾ കത്തിച്ചാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. മുറിച്ചെടുത്ത കേബിളുകൾ വനത്തിൽ തന്നെ കത്തിച്ച് അതിനുള്ളിലെ ചെമ്പ് ഭാഗങ്ങളാണ് കടത്തിയത്. എന്നിട്ടും ഇക്കാര്യം വനപാലകർ അറിഞ്ഞില്ല എന്നതാണ് സംശയത്തിന് ഇടയാക്കുന്നത്.