ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അടിമാലി താലൂക്കാശുപത്രി സന്ദര്‍ശിച്ചു
രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയത്. ആശുപത്രി വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരില്‍ കണ്ട് വിലയിരുത്തി.ആശുപത്രിയിലെ ശുചിത്വം, ശുചിമുറികളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളൊക്കെയും മന്ത്രി പരിശോധിച്ചു.വിവിധ വാര്‍ഡുകളില്‍ എത്തി രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.
അടിമാലി താലൂക്കാശുപത്രിയെ ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രികളിലൊന്നായി വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.മന്ത്രിയുടെ നേതൃത്വത്തിലുള്ള സന്ദര്‍ശന സംഘത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവേദ്യമാകുന്നത് വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുക തുടങ്ങി വിവിധ കാര്യങ്ങളാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷ്യം വയ്ക്കുന്നത്.