ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട് , ജില്ലാ കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ശക്തമായതോ അതിശക്തമായതോ മഴ സാധ്യത നിലനിൽക്കുന്നതിനാൽ ഇടുക്കിയിൽ നാളെ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മേൽ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള 2023ലെ കാലവർഷ - തുലാവർഷ മുന്നൊരുക്ക പ്രതികരണ ദുരന്ത മാർഗരേഖയിലെ (ഓറഞ്ച് ബുക്ക് 2023) മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിക്കുന്നതിനും താഴെപറയുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനും ആവശ്യമായ ജാഗ്രത പുലർത്തുന്നതിനും ജില്ലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഓഫീസ് മേധാവിമാർക്കും ജീവനക്കാർക്കും ദുരന്തനിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ നിർദ്ദേശം നൽകി
പ്രത്യേക നിർദേശങ്ങൾ
1. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതും, മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2023 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങളെ മുൻകൂട്ടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.
2. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ . മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് അനൗൺസ്മെന്റ് വഴി വിവരം നൽകുകയും മുൻകരുതലിന്റെ ഭാഗമായി ജനങ്ങളെ മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ആയത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉറപ്പാക്കേണ്ടതാണ്.
3. അപകട സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ബന്ധപ്പെട്ട ഹസിൽദാർമാർ മാരുടെ നിർബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്.
4. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുവാൻ കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ മുഖേന തഹസിൽദാർമാർ ഏറ്റെടുക്കേണ്ടതാണ്.
5. ജില്ലയിലെ ദുരന്തസാധ്യതാ മേഖലകൾ മൈനിങ് ആൻഡ് ജിയോളജി, സോയിൽ എന്നീ വകുപ്പുകൾ വിലയിരുത്തി. ആവശ്യമായ ശുപാർശകൾ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നൽകുവാൻ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
6. നദീതീരങ്ങളിൽ താമസിക്കുന്നവരെയും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കി മാറ്റിതാമസിപ്പിക്കേണ്ടതാണ്.
7. നിലവിൽ ജലം പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ കീഴിൽ അധിവസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഡാം സേഫ്റ്റി പാബ്ല എക്സിക്യൂട്ടീവ് എഞ്ചിനിയർ ഡാം സേഫ്റ്റി വാഴത്തോപ്പ്, എക്സിക് എഞ്ചിനീയർ മൈനർ ഇറിഗേഷൻ എന്നിവരെ ചുമതലപ്പെടുത്തുന്നു.
8. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യൂ ഏകോപനത്തോടെ ദുരിതാശ്വാസ ക്യാമ്പുകൾ നടത്തേ ക്യാമ്പുകളിലെ അടിസ്ഥാന സൌകര്യങ്ങളും മറ്റും വിലയിരുന്നു. ബന്ധപ്പെട്ട തഹസിൽദാർമാരെ ചുമതലപ്പെടുത്തുന്നു.
9. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടുള്ളതല്ല. ഇത് തടയാൻ പോലീസ്, വനം, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
10. പതിവ് പ്രവർത്തനത്തിന് പുറമേ, അത്യാവശ്യ പ്രവർത്തനങ്ങൾക്കും ഫീൽഡ് തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്ടർമാരും, പാരാമെഡിക്കൽ സ്റ്റാഫും, ഫീൽഡ് സ്റ്റാഫും ഫോൺ കോളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആ) ഉറപ്പുവരുത്തേണ്ടതാണ്.
11. നദികൾക്ക് സമീപം നിൽക്കുന്നതും മുറിച്ചുകടക്കുന്നതും തടയാനും മലയോര റോഡുകളിലൂടെയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാനും തദ്ദേശസ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടതാണ്.
12. വൻ ദുരന്തങ്ങൾ ഉണ്ടായാൽ ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാൻ സജ്ജമാണെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്.
13. കെ.എസ്.ഇ.ബി യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുവാൻ സജ്ജരാണെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ഉറപ്പാക്കേണ്ടതാണ്.
14. കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റങ്ങൾ വരാവുന്നതുമാണ്. അതുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന അതീവ ജാഗ്രത നിർദേശം പിൻവലിക്കുന്നത് വരെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
15. നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും, ഓറഞ്ച് ബുക്കിൽ പ്രതിപാദിച്ചിട്ടുള്ള, റെഡ് അലർട്ടിന് സമാനമായ നടപടികൾ പ്രത്യേകിച്ച് ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ, ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സ്വീകരിക്കേണ്ടതാണ്.
16. ജില്ലയിലെ എല്ലാ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റവും ജില്ലാ, താലൂക്ക് തലം) സജീവമാക്കി ഉത്തരവാകുന്നു.
17. ജില്ലയിലെ എല്ലാ വകുപ്പ് / ഓഫീസ് മേധാവികളും സദാസമയവും ഫോണിൽ ലഭ്യമായിരിക്കേണ്ടതാണ്.
18. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നവരെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലാത്തതാണ്.