2023ലെ ഭൂനിയമ ഭേദഗതി പട്ടയക്കാരനെ പാട്ടക്കാരനാക്കുന്ന കരിനിയമമാണെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്
2023ലെ ഭൂനിയമ ഭേദഗതി പട്ടയക്കാരനെ പാട്ടക്കാരനാക്കുന്ന കരിനിയമമാണെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഭേദഗതി നിയമം യഥാർഥ കൃഷിക്കാരന്റെ അവകാശങ്ങൾ കവർന്നെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പരമ്പരഗതമായി കൈമാറ്റം ചെയ്തു കിട്ടിയ പട്ടയഭൂമിയിൽ നിർമിച്ച ചെറിയ കടമുറികൾപോലും ക്രമവത്കരിക്കാൻ വലിയ തുക കൊടുക്കേണ്ട സാഹചര്യമുണ്ടാകും. അനധികൃത റിസോർട്ട് ഉടമകൾക്കും പാറമട ഉടമകൾക്കും മാത്രമാണ് ഭേദഗതി നിയമംകൊണ്ട് ഗുണം കിട്ടുകയെന്നും അവർ പറഞ്ഞു. പട്ടയ ഉടമകൾക്കും പട്ടയം കിട്ടാനിരിക്കുന്ന കൈവശഭൂമിയുള്ളവർക്കും നിലവിലുള്ള അവകാശങ്ങൾ കൂടി ഇല്ലാതാക്കുന്നതാണ് നിയമ ഭേദഗതി. വ്യാപാര-വ്യവസായങ്ങൾക്കുൾപ്പെടെ കെട്ടിടങ്ങൾ നിർമിച്ച് ഉപജീവനം കഴിക്കുന്നവർക്ക് പുതുതായി അഞ്ചു നികുതികൾകൂടി ചുമത്തി ക്രമവത്കരിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പരിണിതഫലം മുഴുവൻ ജനങ്ങളും അനുഭവിക്കേണ്ടിവരും.
നിയമം ഭേദഗതി ചെയ്യണമെന്നല്ല, ന്യൂനത ഉണ്ടെങ്കിൽ 1964ലെ ചട്ടം ഭേദഗതി ചെയ്യണമെന്ന് തന്നെയാണ് കോടതി നിർദേശിച്ചിട്ടുള്ളത്. നിയമഭേദഗതിയുടെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് പ്രശ്നപരിഹാരം ചർച്ച ചെയ്യുന്നതിന് ജില്ലയിലെ 28 സംഘടനകളുടെ കൂട്ടായ്മയായ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഈ മാസം 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കണ്വൻഷൻ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.