വീണ്ടും പുലിയുടെ ആക്രമണം;മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലയില്‍ വന്യജീവി ആക്രമണത്തിന് ഇരയായി പശു കൊല്ലപ്പെട്ടു
മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. സെവന്‍മല അപ്പര്‍ ഡിവിഷന്‍ സ്വദേശിയായ മാടസാമിയുടെ പശുവാണ് വന്യജീവി ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മേയാന്‍ വിട്ട പശു മടങ്ങി വന്നിരുന്നില്ല. രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ നടത്തിയ തിരിച്ചിലിനൊടുവിലാണ് ഫീല്‍ഡ് നമ്പര്‍ 2 ല്‍ പശുവിന്റെ ജഡം കണ്ടെത്തിയത്.
തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു പശുക്കളാണ് സെവന്‍മല എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങള്‍ വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായത്. മക്കളുടെ പഠനത്തിനുള്ള ചിലവുകള്‍ കണ്ടെത്താനാണ് മാടസാമി പശുവിനെ വളര്‍ത്തി വന്നിരുന്നത്.ഒരു ദിവസം പത്ത് ലിറ്റർ പാൽ തരുന്ന പശുവാണ് പുലിയുടെ അക്രമണത്തിനിരയായത്.
വന്യജീവി ആക്രമണത്തില്‍ പൊറുതി മുട്ടിയ എസ്റ്റേറ്റു തൊഴിലാളികള്‍ ആശങ്കയോടെയാണ് കഴിഞ്ഞുവരുന്നത്. ജനവാസ മേഖലകളില്‍ എത്തി നിലയുറപ്പിക്കുന്ന കാട്ടാനകള്‍ നിരന്തരം ഭീഷണി സൃഷ്ടിച്ചു വരുന്നതിനിടയില്‍ ആണ് പുലിയുടെ ആക്രമണവും തൊഴിലാളികള്‍ക്ക് ഭീഷണി ഉയര്‍ത്തി വരുന്നത്.