ചിന്നക്കനാലിൽ വ്യാജ പട്ടയമുണ്ടാക്കി സർക്കാർ ഭൂമി സഹകരണ ബാങ്കിനു പണയപ്പെടുത്തി സിപിഎം നേതാക്കൾ പണംതട്ടിയതായി കോൺഗ്രസ് ആരോപണം
ചിന്നക്കനാലിൽ വ്യാജ പട്ടയമുണ്ടാക്കി സർക്കാർ ഭൂമി സഹകരണ ബാങ്കിനു പണയപ്പെടുത്തി സിപിഎം നേതാക്കൾ പണം തട്ടിയതായി കോൺഗ്രസ് ആരോപണം. ചിന്നക്കനാൽ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി.എക്സ്.ആൽബിൻ വ്യാജപട്ടയം ഉപയോഗിച്ച് 2 തവണയായി ലക്ഷങ്ങൾ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതായാണ് ആരോപണം.ആവശ്യമായ രേഖകൾ ഇല്ലാതെ വസ്തു ഈടിന്മേൽ 43.45 കോടി രൂപ ബാങ്ക് വായ്പ നൽകിയെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഈടായി സ്വീകരിച്ച പട്ടയങ്ങളുടെ ആധികാരികതയിൽ സംശയമുണ്ടെന്നും ഇത് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബാങ്കിനു ഭൂമി വാങ്ങിയതിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
നാലിടങ്ങളിൽ ബാങ്ക് ഭൂമി വാങ്ങിയെങ്കിലും ഒരിടത്ത് മാത്രമാണ് വസ്തു പോക്കുവരവ് ചെയ്തിട്ടുള്ളത്. 97 സെന്റ് ഭൂമി വാങ്ങിയതിൽ 81 സെന്റ് മാത്രമാണ് ബാങ്കിന്റെ പേരിൽ പോക്കുവരവ് ചെയ്തിട്ടുള്ളത്. ബാക്കി 16 സെന്റ് ഭൂമി കാണാനില്ല. ഈ ഇടപാടിൽ മാത്രം അരക്കോടിയിലേറെ രൂപ ബാങ്കിന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.സിപിഎം നേതാക്കളുടെ തട്ടിപ്പുകൾ പുറത്തുവരുമോയെന്ന ഭയമാണ് എം.എം.മണി അടക്കമുള്ള നേതാക്കൾക്കു ഹാലിളകാൻ കാരണമെന്നു കെപിസിസി അംഗം എ.പി.ഉസ്മാൻ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, കെ.ബി. സെൽവം, ടി.ജെ.പീറ്റർ എന്നിവർ ആരോപിച്ചു.