ചെറുതോണി പാലം, മൂന്നാർ-ബോഡിമെട്ട് റോഡിൻറെയും ഉദ്ഘാടനത്തിന് ഒക്ടോബർ-12 ന് നിധിൻ ഗഡ്ഗരി മൂന്നാറിൽ എത്തിച്ചേരും – ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: ചെറുതോണി പാലത്തിൻറയും മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബർ 12 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോട്സ് സെൻറർ ഗ്രൗണ്ടിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. അന്നേ ദിവസം പ്രത്യേക വിമാനത്തിൽ എത്തിച്ചേരുന്ന കേന്ദ്രമന്ത്രി രാവിലെ 11 മണിക്ക് കാസറഗോട് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതി സമർപ്പണത്തിനും ശേഷം പ്രത്യേക ഹെലികോപ്റ്ററിൽ മൂന്നാറിലെത്തിച്ചേരും.
ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത –വ്യോമയാന സഹമന്ത്രി ജന: ഡോ. വി.കെ. സിങ്ങ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, എം.എൽ.എ.മാർ, എന്നിവർ പങ്കെടുക്കുമെന്നും എം.പി. അറിയിച്ചു. ചടങ്ങിൻറെ ആവശ്യമായ എല്ലാ ക്രമീകരണങ്ങൾക്കുമായി ജില്ലാ കളക്ടർ, ജില്ലാ പോലിസ് മേധാവി എന്നിവർക്ക് ചുമതല നൽകി ഉത്തരവായിട്ടുണ്ട്.
കഴിഞ്ഞ ദിവസം എൻ.എച്ച്-85 മൂവാറ്റുപുഴ, കോതമംഗലം എന്നീ ബൈപാസുകൾക്ക് 1720 കോടിയുടെ അംഗീകാരമുൾപ്പെടെ ദേശീയപാതകളുടെ നവീകരണത്തിനും വികസനത്തിനും നിരവധി പദ്ധതികളാണ് ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ കഴിഞ്ഞ 4 വർഷം ലഭിച്ചതെന്നും ജില്ലയുടെ ആവശ്യങ്ങൾക്കെല്ലാം അനുഭാവപൂർവ്വമായ പരിഗണയും പിന്തുണയും നൽകുന്ന ആദരണീയനായ കേന്ദമന്ത്രി നിതിൻ ഗഡ്ഗരിക്ക് ഇടുക്കി ജനതയുടെ പേരിൽ നന്ദി അറിയിക്കുകയും അദ്ദേഹത്തെ സ്നേഹപൂർവ്വം ഇടുക്കിയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായും എം.പി. പറഞ്ഞു.