ഭൂ നിയമ ഭേദഗതി ബില്ലിനെതിരെ ഗവര്‍ണറെ കണ്ട ജനവഞ്ചകരെ തിരിച്ചറിയുക - സിപിഐ എം
ചെറുതോണി: ആറ് പതിറ്റാണ്ടായി ഇടുക്കിയിലെ ജനങ്ങള്‍ കാത്തിരുന്ന ഭൂ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമായിരിക്കെ അതിനെ തടസ്സപ്പെടുത്താന്‍ ഗവര്‍ണറെ ഉപയോഗിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കപട പരിസ്ഥിതി - അരാഷ്ട്രീയ കൂട്ടുകെട്ടിനെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്‍ പാസ്സാക്കിയാല്‍ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ബില്ല് പാസ്സാക്കപ്പെട്ടതോടെ മലക്കം മറിയുകയും ഉള്ളിലിരുപ്പ് മറനീക്കി പുറത്തു വരികയും ചെയ്തിട്ടുണ്ട്.
ധനസമ്പാദനം ലക്ഷ്യം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശങ്ക പരത്തി വന്‍കിടക്കാരില്‍ നിന്നെല്ലാം വന്‍തുക കൈക്കലാക്കിയവരാണ് ക്രമവല്‍ക്കരണത്തിന്‍റെ പേരില്‍ അസ്വസ്ഥതപ്പെടുന്നത്. തീവ്ര സ്വഭാവമുള്ള ചില നിരോധിത സംഘടനകളും കപട പരിസ്ഥിതി സംഘടനകളും അരാഷ്ട്രീയ സംഘടനകളും ചേര്‍ന്നാണ് ജില്ലയില്‍ ജനവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് തുരങ്കം വയ്ക്കാനാണ് ഇവര്‍ കൂട്ടം ചേര്‍ന്ന് കോടതികളിലേക്ക് നീങ്ങിയത്. കാര്‍ഷിക മേഖല പൊതുവേ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ടൂറിസത്തിലാണ് പ്രതീക്ഷ നിലനില്‍ക്കുന്നത്. കഴിഞ്ഞ ഓണം സീസണില്‍ ലക്ഷക്കണക്കായ വിനോദ സഞ്ചാരികളാണ് ഇടുക്കിയിലെത്തിയത്.
അന്തര്‍ദ്ദേശീയ സഞ്ചാരികളും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരും മൂന്നാറിലെ കോടമഞ്ഞും തണുപ്പും ആകര്‍ഷിച്ചാണ് എത്തിയതെങ്കിലും ഭൂരിഭാഗം പേരും താമസ സൗകര്യം ലഭ്യമാകാതെ തിരികെ പോകുകയുണ്ടായി. സഞ്ചാരികള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സൗകര്യം ഒരുക്കാന്‍ ജില്ലയ്ക്ക് കഴിയുന്നില്ല. അത്രമാത്രം സാധ്യതകള്‍ ഉണ്ടായിരിക്കെയാണ് അതിജീവന പോരാട്ട വേദി ഹൈക്കോടതിയെ സമീപിച്ച് റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവ് നേടിയത്.
57 കെട്ടിടങ്ങള്‍ക്കെതിരെയാണ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിന് നടപടി സ്വീകരിക്കേണ്ടി വരുന്നത്. ഇടുക്കി ജില്ലയുടെ പച്ചപ്പില്‍ കണ്ണ് വച്ച് കപട പരിസ്ഥിതി ലോബി പണമെറിഞ്ഞ് ചില നിക്ഷിപ്ത താല്‍പ്പര്യക്കാരെ കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ സിപിഐ എം നേരത്തെ തന്നെ തുറന്ന് കാണിച്ചിരുന്നു. ഭൂ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമായതോടെ ഇടുക്കിയുടെ വികസന സാധ്യതകളും ബഹുദൂരം മുന്നോട്ടു പോകുമെന്ന സാഹചര്യം വന്നിരിക്കെ ബഹുജന സംഘടനകള്‍ വസ്തുതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
മര്‍ച്ചന്‍റ് അസോസിയേഷന്‍ ഭൂ നിയമ ഭേദഗതി ബില്ലിനെ സ്വാഗതം ചെയ്യുമ്പോള്‍ ആ സംഘടനയുടെ ജില്ലാ ഭാരവാഹി ബില്ലിനെതിരെ ഗവര്‍ണറെ കാണാന്‍ പോകുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നതിന്‍റെ വൈരുദ്ധ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. വ്യാപാരികളുടെ എക്കാലത്തെയും വലിയ ആവശ്യമായിരുന്നു ഷോപ് സൈറ്റുകള്‍ക്ക് പട്ടയം ലഭിക്കുക എന്നത്. ജില്ലയിലെ പ്രധാന നഗരമായ കട്ടപ്പന ഉള്‍പ്പടെ വ്യാപാരികള്‍ക്ക് ഷോപ് സൈറ്റുകള്‍ക്കുള്ള പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
66 വര്‍ഷം പഴക്കമുള്ള കേരള നിയമ സഭയിലെ 140 അംഗങ്ങള്‍ ചേര്‍ന്ന് ഐക്യകണ്ഠേന പാസ്സാക്കിയ ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്നമായ ഭൂ നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരിനോട് പ്രതികാര ബുദ്ധിയോടെ പെരുമാറിക്കൊണ്ടിരിക്കുന്ന ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത് മലയോര ജനത ഒരുകാലത്തും പൊറുക്കില്ലെന്നും ഇത്തരം വഞ്ചകരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.