ശബരി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം- ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകി
മൂവാറ്റുപുഴ: 2023 -24 കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അനുവദിച്ചിട്ടുള്ള അങ്കമാലി -ശബരി റയിൽവെ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ KRDCL തയ്യാറാക്കി റെയിൽവേ ബോർഡിന് സമർപ്പിച്ചിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റിന് ബോർഡ് നാളിതുവരെയും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകി.
25 വർഷം മുൻപ് അനുമതി ലഭിച്ച് 8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമ്മിച്ചു കഴിഞ്ഞ പദ്ധതി വർഷങ്ങളായി നിലച്ചിരിക്കുകയാണ്.അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽവേയുടെ ആദ്യ ഘട്ടമായ അങ്കമാലി- ശബരി റെയിൽവേയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ 25 പുതിയ റെയിൽവേ സ്റ്റേഷനുകൾ കേരളത്തിന് പുതിയതായി ലഭ്യമാക്കുന്നതും എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം ജില്ലകളിലെ ഗതാഗത സൗകര്യങ്ങളിൽ വൻ വികസനം സാധ്യമാകുന്നതുമായ പദ്ധതിയാണ്.
ശബരി റെയിൽ യാഥാർത്ഥ്യമായാൽ പെരുമ്പാവൂർ മേഖലയിലെ പ്ലൈ വുഡ് വ്യാവസായങ്ങൾക്കും ഐരാപുരം കിൻഫ്രാ റബ്ബർ പാർക്കിനെയും, കോതമംഗലം- നെല്ലികുഴിയിലെ ഫർണ്ണീച്ചർ നിർമ്മാണ ക്ലസ്റ്ററിനും മൂവാറ്റുപുഴ-നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്കിനും കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80% വും സംസ്കരിക്കുന്ന കാലടിയിലെ അരിമില്ല് വ്യാവസായങ്ങൾക്കും ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ കയറ്റി അയക്കുന്ന ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ മുവാറ്റുപുഴ-വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിനും സുഗന്ധവൃഞ്ജനങ്ങളുടെ നാടായ ഇടുക്കിക്കും ഇടുക്കിയിലെ വിനോദസഞ്ചാര മേഖലക്കും കരുത്തു പകരുമെന്നും ഇത് കേരളത്തിൻറെ വ്യാവസായിക കുതിപ്പിന് ആക്കം കൂട്ടുമെന്നും എംപി പറഞ്ഞു.
പുതുക്കിയ എസ്റ്റിമേറ്റിന് നാളിതുവരെയും അനുമതി ലഭിക്കാത്തതിനാലും ശബരി റയിൽവെയുടെ പുതിയ അലൈൻമെന്റാണെന്നു പറഞ്ഞു ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേയ്ക്ക് ആകാശ റെയിൽവേയ്ക്ക് സർവ്വേ നടത്തുന്നതിനാലും 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച് മരവിപ്പിച്ചിട്ടുള്ളതുമായ അങ്കമാലി- ശബരി റയിൽവേയുടെ സ്ഥലമുടമകളും 6 ജില്ലകളിലെ ജനങ്ങളും ആശങ്കയിലായിരിക്കുകയാണ്.
അതുകൊണ്ട് അങ്കമാലി-ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തിരമായി അനുമതി നല്കന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രി കത്ത് അയക്കണമെന്നും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.