വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കൽ; നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്
വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി.
കൃഷിയിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്തും. അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.
ജില്ലാ ഭരണകൂടവുമായി ചേർന്ന് ആളുകളെ ബോധവൽക്കരിക്കാനുളള ശ്രമങ്ങൾ നടത്തും. ഇന്ന് കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ നടപടി.