സംസ്‌ഥാനത്തു വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളം സംഭരിക്കുന്ന കെ.എസ്.ഇ.ബി. ഡാമുകളില്‍ 11 എണ്ണത്തില്‍ 60 ശതമാനത്തിലേറെ വെള്ളം നിറഞ്ഞു
സംസ്‌ഥാനത്തു വൈദ്യുതോല്‍പ്പാദനത്തിനായി വെള്ളം സംഭരിക്കുന്ന കെ.എസ്.ഇ.ബി. ഡാമുകളില്‍ 11 എണ്ണത്തില്‍ 60 ശതമാനത്തിലേറെ വെള്ളം നിറഞ്ഞു. തുലാവര്‍ഷം കൂടി കനിഞ്ഞാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകില്ലെന്നു കണക്കുകൂട്ടല്‍. സംസ്‌ഥാനം ലോഡ് ഷെഡിങ്ങിലേക്ക് പോകുമോയെന്ന ആശങ്കയ്‌ക്കിടെയാണു മഴ കനത്ത് ഡാമുകളിലേക്കു നീരൊഴുക്ക് കൂടിയത്. ഇതോടെ ലോഡ് ഷെഡിങ് ഭീഷണി തല്‍ക്കാലത്തേക്കു നീങ്ങി.
വൈദ്യുത ബോര്‍ഡിന്റെ ചുമതലയിലുള്ളത് 17 ഡാമുകളാണ്. ആറ് അണക്കെട്ടുകളില്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണു വെള്ളമുള്ളത്.
ഏറ്റവും പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 42.33 ശതമാനം വെള്ളമാണു നിറഞ്ഞിട്ടുള്ളത്. മണ്‍സൂണ്‍ സീസണില്‍ ഇടുക്കിയില്‍ മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിരുന്നു. 54 ശതമാനമാണ് ഇടുക്കി ജില്ലയിലെ മഴക്കുറവ്. എന്നാല്‍, മഴ ശക്‌തിപ്രാപിച്ചതോടെ കഴിഞ്ഞ ഒരാഴ്‌ചകൊണ്ട് ഇടുക്കി അണക്കെട്ടില്‍ ആറരയടിയോളം വെള്ളം കൂടി. 2345.8 ആണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. 2403 ആണ് പരമാവധി സംഭരണശേഷി.
ഷോളയാര്‍ ഡാമിലാണ് ഏറ്റവുമധികം ജലം നിറഞ്ഞിട്ടുള്ളത്. 97.12 ശതമാനം. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയും നീരൊഴുക്കു വര്‍ധിച്ചാല്‍ ഷോളയാര്‍ തുറന്നുവിടേണ്ടിവരും.
ഇടുക്കി കണ്ടള ഡാമില്‍ 94.12 ശതമാനം വെള്ളം നിറഞ്ഞുകഴിഞ്ഞു. റെഡ് അലര്‍ട്ടിലുള്ള ഈ ഡാമും ഏതു സമയത്തും തുറന്നുവിടാവുന്ന സ്‌ഥിതിയിലാണ്. ഇടുക്കി പൊന്‍മുടി ഡാമില്‍ 83.32 ശതമാനം ജലം നിറഞ്ഞിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ മറ്റു ഡാമുകളിലെ ജലസംഭരണനില ശതമാനക്കണക്കില്‍ ചുവടെ: കക്കി 69.14, പമ്ബ 33.48, മൂഴിയാര്‍ 21.9, മാട്ടുപ്പെട്ടി 64.52, ആനയിറങ്കല്‍ 43.81, കല്ലാര്‍കുട്ടി 78.97, ഇരട്ടയാര്‍ 18.44, ലോവര്‍ പെരിയാര്‍ 69.74, കല്ലാര്‍ 24.64, ഇടമലയാര്‍ 57.32, പെരിങ്ങല്‍കുത്ത് 89.11, കുറ്റ്യാടി 63.63, ബാണാസുര സാഗര്‍ 79.08.