ചെമ്മണ്ണാര്‍ മുക്കുപണ്ട തട്ടിപ്പ് കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തല്‍
കഴിഞ്ഞദിവസം പിടിയിലായ അന്തര്‍ സംസ്ഥാന കുറ്റവാളി ഉടുമ്പന്നൂര്‍ സ്വദേശി ഷഫീഖ് ഖാസിമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
കഴിഞ്ഞ മാസമാണ് നെടുങ്കണ്ടം ചെമ്മണ്ണാറിലെ കേരള ബാങ്ക് ശാഖയില്‍ നിന്നും രണ്ടുതവണയായി 9 ലക്ഷത്തിലധികം രൂപ പ്രതികള്‍ തട്ടിയെടുത്തത്. മൂന്നാം തവണ എട്ട് ലക്ഷത്തി 70 നായിരം രൂപ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ പിടിയിലായത്. തട്ടിപ്പ് നടത്താന്‍ ആവശ്യമായ മുക്കുപണ്ടം സംഘടിപ്പിച്ച നല്‍കിയത് ഉടുമ്പന്നൂര്‍ പാറേകവല ഇറമ്പത്ത് ഷെഫീഖ് ഖാസിം ആണെന്ന് ആദ്യം പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഷെഫീഖ് ഗോവയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം രഹസ്യമായി വീട്ടിലെത്തിയ പ്രതിയെ ഉടുമ്പന്‍ചോല പോലീസ് പിടികൂടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണ്ടെത്തിയത്. തൊടുപുഴ, ഞാറക്കല്‍, പാലാ, മാവേലിക്കര, തിരുവനന്തപുരം തുടങ്ങിയിടങ്ങളില്‍ ഷെഫീക്കിനെ ഉള്‍പ്പെടുത്തി കേസും എടുത്തിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടുവാന്‍ ആയിരുന്നില്ല.
മുംബൈ,ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയിടങ്ങളില്‍ നിന്നും വന്‍തോതില്‍ മുക്കുപണ്ടം ഷെഫീഖ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. തട്ടിപ്പില്‍ നേരിട്ട് ഷെഫീക്ക് പങ്കെടുക്കുകയില്ല. ഇരകളെ കണ്ടെത്തി അവരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ഷെഫീഖ് കൈക്കലാക്കും.
ഷെഫീക്കിനോടൊപ്പം സംസ്ഥാനത്തിന് വെളിയിലുള്ളവരും കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുള്ളതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
നെടുംകണ്ടം ചെമ്മണ്ണാര്‍ സ്വദേശികളായ തെങ്ങുപുള്ളിയില്‍ ബിലാല്‍ എന്ന സ്റ്റെഫാന്‍സണ്‍, കല്ലിടയില്‍ ജോണ്‍സണ്‍ എന്നിവരാണ് ആദ്യം പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാര്‍ സ്വദേശി കിഴക്കേകൂറ്റ് ടിജോയെ ഞാറയ്ക്കല്‍ പോലീസും അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം സംസ്ഥാനത്തിന് വെളിയിലേക്കും വ്യാപിപ്പിക്കുവാനാണ് പോലീസിന്റെ നീക്കം.