മലയോരഹൈവെയുടെനിർമ്മാണവുമായി ബന്ധപ്പെട്ട് കാഞ്ചിയാർ പള്ളിക്കവലയിൽ അലൈൻമെൻ്റ് നിശ്ചയിച്ചതിനെതിരെ ആക്ഷേപം
കാഞ്ചിയാർ പള്ളിക്കവലയിൽ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഒരു വശത്തു മാത്രമായി വീതി കൂട്ടുന്നതാണ് പരാതിക്കിടയാക്കിയത്. കാഞ്ചിയാർ പള്ളി ഭരണ സമിതിയും വ്യാപാരികളുമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. റോഡ് വീതി കൂട്ടുമ്പോൾ റോഡിന്റെ മധ്യഭാഗത്ത് നിന്ന് ഇരുവശത്തേക്കും ഒരുപോലെ വീതി കൂട്ടാതെ ചിലർക്ക് മാത്രം നഷ്ടം വരുത്തുന്ന നിലപാടാണ് മലയോര ഹൈവെ അധികൃതർ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
പള്ളിക്കവലയിലെ വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വികസനം നടപ്പിലാക്കുന്നത്. വികസനത്തിന് ആരും എതിരല്ലങ്കിലും ജീവിത മാർഗ്ഗം തടസപ്പെടുത്തരുതെന്ന് വ്യാപാരികൾ പറഞ്ഞു. പള്ളിയുടെ ഭാഗത്ത് നിന്ന് ഒരു മീറ്റർ മാത്രം മാറിയാണ് മധ്യ ഭാഗം അടയാളപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുന്ന രീതിയിൽ വികസനം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.