കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ കരിദിനാചരണം നടത്തി
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ കരിദിനാചരണം നടത്തി. ഉത്തർ പ്രദേശിൽ കർഷക സമരത്തിൽ പങ്കെടുത്തവരെ വാഹനം കയറ്റി കൊന്നതിന്റെ രണ്ടാം വാർഷികത്തിന്റെ ഓർമ്മ ദിനമാണ് കരിദിനമായി ആചരിച്ചത്. കർഷക സംഘം ഏരിയ സെക്രട്ടറി മാത്യൂ ജോർജ് ഉദ്ഘാടനം ചെയ്തു.
കർഷക സമരം വിജയിച്ചില്ലായിരുന്നുവെങ്കിൽ നാത്യോപയോഗ സാധനങ്ങളുടെ വിലനിർണ്ണയാവകാശം വൻകിട കുത്തകകളുടെ കൈയ്യിലെത്തുമായിരുന്നു. പെട്രോൾ വില നിർണ്ണയിക്കുന്നത് വൻകിട കുത്തകകളാണന്നും മാത്യു ജോർജ് പറഞ്ഞു.
ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകർക്ക് മേൽ വാഹനം ഓടിച്ച് കയറ്റി കർഷകരെ കൊന്നതിന്റെ രണ്ടാം വാർഷികാചരണവും , കേന്ദ്രസർക്കാരിന്റെ കർഷകരോടും തൊഴിലാളികളോടുമുള്ള വഞ്ചനാപരമായ സമീപനത്തിനെതിരെയുമാണ് കരിദിനാചരണം സംഘടിപ്പിച്ചത്.
രാജ്യമാകെ ഇടതുപക്ഷ സംഘടനകൾ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കട്ടപ്പനയിലും കരിദിനം ആചരിച്ചത്. കർഷക സംഘം, കെ എസ് കെ ടി യു, സി ഐ ടി യു എന്നീ ഇടതുപക്ഷ സംഘടനകൾ സംയുക്തമായാണ് കരിദിനം ആചരിച്ചത്. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ സി ഐ ടി യു കട്ടപ്പന ഏരിയ സെക്രട്ടറി എം സി ബിജു അധ്യക്ഷത വഹിച്ചു. പി വി ഷാജി, ടോമി ജോർജ് ,പി വി സുരേഷ്, ജോയി ജോർജ് , വി കെ സോമൻ എന്നിവർ സംസാരിച്ചു.