മേഖലാതല അവലോകന യോഗം ഇന്ന് ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് (ഒക്ടോബർ 3) എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കുക, സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 9.30 മുതല്‍ 1.40 വരെ ജില്ലകളിലെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും, ഉച്ചകഴിഞ്ഞ് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ അവലോകനവും നടക്കും. ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍, വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം ഉള്‍പ്പെടെ ജില്ലകളിലെ പ്രധാന വികസന- ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകള്‍ക്ക് ആവശ്യമായ പുതിയ പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.