2000 രൂപ നോട്ടുകളുടെ സമയപരിധി ഇന്ന് അവസാനിക്കും
2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. 2000 രൂപയുടെ നോട്ട് മറ്റന്നാൾ മുതൽ മൂല്യം നഷ്ടമായി വെറും കടലാസ് കഷ്ണമായി മാറും. 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരം ഉണ്ടായിരുന്നു. മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏര്പ്പെടുത്തിയിരുന്നു. 2016ലെ നോട്ടുനിരോധനത്തെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. 2018–19 കാലഘട്ടത്തിൽ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു.
2000 രൂപ നോട്ട് ബാങ്കിൽ മാറ്റാം ;- ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ബാങ്ക് ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം.2000 രൂപ നോട്ടുകൾ മാറ്റുന്നതിനു പ്രത്യേക അപേക്ഷയോ ഐഡി പ്രൂഫോ ആവശ്യമില്ല. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാം. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. പ്രത്യേക ഫീസ് നൽകേണ്ടതില്ല.
2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ആർബിഐയുടെ 19 റീജിയനൽ ഓഫിസുകളിലും (ആർഒകൾ) ലഭ്യമാണ്. മാത്രമല്ല, അടുത്തുള്ള ഏതു ബാങ്കിന്റെ ശാഖയിലും നോട്ടുകൾ മാറ്റാം. ആളുകൾക്ക് അവർക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകൾക്ക് നിക്ഷേപ പരിധിയില്ല. പക്ഷേ, കെ.വൈ.സി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള് ബാധകമായിരിക്കും.
ആദായനികുതി ചട്ടങ്ങളിലെ ബ്യൂൾ 114 ബി പ്രകാരം, പോസ്റ്റ് ഓഫിസിലോ ബാങ്കിലോ ഒരു ദിവസത്തിനുള്ളിൽ 50,000 രൂപയിൽ അധികം നിക്ഷേപിക്കുന്നതിന് പാൻ നമ്പർ നിർബന്ധമാണ്. ഒരാൾ ഒരു ദിവസം 50,000 രൂപയിൽ കൂടുതല് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കണമെങ്കിൽ പാൻ നമ്പർ നൽകണം. 50,000 രൂപയിൽ താഴെയാണെങ്കിൽ പാൻ നമ്പർ നിർബന്ധമല്ല. 2000 രൂപ നിക്ഷേപിക്കാൻ, ജൻ ധൻ യോജന, ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് നിലവിലെ നിക്ഷേപ പരിധി ബാധകമാകും. സെപ്റ്റംബർ 19 മുതൽ ‘ക്യാഷ് ഓൺ ഡെലിവറി’ ഓർഡറുകൾക്ക് ആമസോൺ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല.