സി പി എം ജനകീയ വിജയ സന്ദേശ യാത്ര ഒക്ടോബർ 19 മുതൽ
ചെറുതോണി: 6 പതിറ്റാണ്ടായി ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന ഭൂ നിയമ ഭേദഗതി സഫലീകരിക്കപ്പെട്ട സന്ദേശം ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനായി സിപിഐ എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം കാല്‍നട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ 28 വരെയാണ് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് നയിക്കുന്ന പുതിയ ഇടുക്കി - പുതുമുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ജനകീയ വിജയ സന്ദേശ യാത്ര.
ഇടുക്കിയിലെ ജനങ്ങളുടെ ജീവിതത്തിനും വികസനത്തിനും തടസ്സമായി 6 പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂ നിയമം ഭേദഗതി ചെയ്ത പിണറായി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചും, ലോകത്തിന് മാതൃകയായ വൈവിദ്ധ്യമാര്‍ന്ന വികസന പരിപ്രേഷ്യം സൃഷ്ടിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുക, ഭൂ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന യുഡിഎഫിനെയും നിക്ഷിപ്ത താല്‍പ്പര്യക്കാരായ അരാഷ്ട്രീയ സംഘടനകളെയും തിരിച്ചറിയുക, കൃഷിക്കാരന് കണ്ണീരും ദുരിതവും നല്‍കിയ ആസിയാന്‍ കരാര്‍ ഉള്‍പ്പടെയുള്ള കര്‍ഷക നയങ്ങള്‍ ആവിഷ്ക്കരിച്ച കോണ്‍ഗ്രസ്സിനെയും കര്‍ഷക വിരുദ്ധ നയം നടപ്പിലാക്കുന്ന ബിജെപി സര്‍ക്കാരിനെയും ഒറ്റപ്പെടുത്തുക, ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.
1960 ലെ ഭൂ നിയമം ഭേദഗതി ചെയ്തതിലൂടെ സമാനതകളില്ലാത്ത വികസന മുന്നറ്റമാണ് ജില്ലയില്‍ വന്നു ചേരുന്നത്. പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിയോടൊപ്പം ഫാമുകള്‍, ഹോം സ്റ്റേകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുന്നതോടെ കാര്‍ഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും. 1964 ലെയും 1993 ലെയും ഭൂ വിനിയോഗ ചട്ടങ്ങള്‍കൂടി പുനഃക്രമീകരിക്കപ്പെടുന്നതിലൂടെ സമഗ്രമായ ഭൂ സ്വാതന്ത്ര്യമാണ് ഇടുക്കി ജില്ലയ്ക്ക് വന്നു ചേരുന്നത്. ഈ സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.
ഇടുക്കി മെഡിക്കല്‍ കോളജ്, ഉടുമ്പന്‍ചോല ആയുര്‍വ്വേദ മെഡിക്കല്‍ കോളജ്, നെടുങ്കണ്ടം, അടിമാലി, പീരുമേട്, തൊടുപുഴ ജില്ലാ ആശുപത്രികള്‍, നേഴ്സിംഗ് കോളജ് ഉള്‍പ്പടെ ആരോഗ്യ രംഗത്ത് മുന്നേറ്റം, പൊതുവിദ്യാഭ്യാസം, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സര്‍ക്കാരിന്‍റെ വികസന ജനക്ഷേമ പദ്ധതികളും ജനങ്ങളുമായി സംവദിക്കും. ബഹുജനങ്ങള്‍ ഒന്നാകെ അണിനിരക്കുന്ന 10 ദിവസത്തെ ജാഥയ്ക്കൊപ്പം ഗ്രാമകേന്ദ്രങ്ങളില്‍ നിന്നും ഉപജാഥകളും പ്രധാന ജാഥയിലേക്ക് എത്തിച്ചേരും.
പോളിറ്റ്ബ്യുറോ അംഗം എ. വിജയരാഘവന്‍ അടിമാലിയില്‍ ജനകീയ വിജയ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. നേതാക്കളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതിടീച്ചര്‍, കെ.കെ. ഷൈലജ ടീച്ചര്‍, വി.എന്‍. വാസവന്‍, പുത്തലത്ത് ദിനേശന്‍, എം. സ്വരാജ്, പി.കെ. ബിജു, ആനാവൂര്‍ നാഗപ്പന്‍, എം.എം. മണി എന്നിവര്‍ വിവിധ ദിവസങ്ങളിലെ സമാപന കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.