കുളത്തിൽ വീണ കന്ന് കാലിയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു
വണ്ടിപ്പെരിയാർ വളളക്കടവ് കൊക്കക്കാട് മലയക്കുന്നേൽ വീട്ടിൽ സാബുവിൻ്റെ കൃഷിയിടത്തിലെ കുത്തിയിട്ടിരുന്ന കുളത്തിലാണ് കന്ന്കാലി വീണത്.കുടിവെള്ളത്തിനായി കുത്തിയ കുളത്തിൽ ആണ് കന്ന് കാലി വീണത്. വ്യാഴായ്ച്ച പുലർച്ചെയാണ് കന്ന്കാലി കുളത്തിൽ വീണത്. രാവിലെ കന്ന് കാലി കരയുന്ന ശബ്‌ദം കേട്ട് അയൽവാസി സാബുവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗം പി.എം നൗഷാദിനെ വിവരമറിയിക്കുകയും ബ്ലോക്ക് പഞ്ചായത്തംഗം പീരുമേട് ഫയർഫോഴ്സ് സംഘത്തെ വിവരമറിയിച്ചു.
ഇതനുസരിച്ച് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മണിക്കുറുകൾ പരിശ്രമിച്ചിട്ടാണ് കന്ന് കാലിയെ പുറത്തെത്തിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ജലസേചനത്തിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് കുഴിച്ചതാണ് ഈ കുളം. 50 അടിയോളം താഴ്ത്തിയിട്ടും വെള്ളം ലഭിക്കാതെ വന്നതോടെ കുളം കുത്തുന്ന ശ്രമം പഞ്ചായത്ത് അവസാനിപ്പിക്കുകയായിരുന്നു.
ഈ കുളത്തിന് അൻപതടിയോളം താഴ്ച്ചയും പത്തടിയോളം വീതിയുമുണ്ട്. രാത്രി കാലങ്ങളിൽ നിരവധി കന്ന് കാലികളാണ് ഇതുവഴി വരുന്നത്.നിരവധി കൃഷിയിടങ്ങൾ കന്ന് കാലിക്കൂട്ടങ്ങൾ വന്ന് നശിപ്പിക്കുന്നത് പതിവാണ്. ഈ മേഖലയിൽ രാത്രികാലങ്ങളിലും റോഡുകൾ കൈയ്യടക്കി വാഴുകയാണ് കന്ന് കാലി കൂട്ടങ്ങൾ. പീരുമേട് ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ എൽ .സുഗണൻ, ഫയർ ആൻ്റ് റെസ്ക്യൂ ഉദ്യോഗസ്ഥരായ എസ്. രാജേഷ്, കെ. അനീഷ്, പി.ആർ. അനന്ദു, റ്റി. നികേഷ്, എം. ശരവണ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. നൗഷാദ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.